ടാറ്റ സിയറക്ക് പുനർജന്മം; പുതിയ ലുക്ക് കണ്ടാൽ ഞെട്ടും
ഗ്രേറ്റർ നോയ്ഡയിൽ നടക്കുന്ന ഓട്ടോ എക്‌സ്‌പോ 2020-ലാണ് സിയറയുടെ പുതിയ പതിപ്പായ 'സിറ കൺസപ്റ്റ് ഇലക്ട്രിക് എസ്.യു.വി'യെ ടാറ്റ കുടംതുറന്നു പുറത്തുവിട്ടിരിക്കുന്നത്.
തൊണ്ണൂറുകളിൽ ഇന്ത്യൻ നിരത്തുകൾ വാണിരുന്ന സ്‌പോർട് യൂട്ടിലിറ്റി വെഹിക്കിൾ (എസ്.യു.വി) ആയിരുന്നു ടാറ്റ സിയറ. ഒരു ഇന്ത്യൻ കമ്പനി നിർമിച്ച ആദ്യത്തെ എസ്.യു.വിയായിരുന്ന സിയറ രാജ്യാതിർത്തികൾ കടന്ന് സ്‌പെയിൻ, ഫ്രാൻസ്, ജർമനി, ഇറ്റലി തുടങ്ങിയ യൂറോപ്യൻ രാജ്യങ്ങളിലും സാന്നിധ്യമറിയിച്ചു. 2000-ൽ ടാറ്റ സഫാരിക്കു വേണ്ടി കളമൊഴിഞ്ഞു കൊടുക്കാനായിരുന്നു ഈ ത്രീ ഡോർ എസ്.യു.വിയുടെ വിധി.
എന്നാലിതാ, രണ്ട് പതിറ്റാണ്ടിനു ശേഷം സിയറയെ പുനർജനിപ്പിക്കുകയാണ് ടാറ്റ മോട്ടോഴ്‌സ്. ഗ്രേറ്റർ നോയ്ഡയിൽ നടക്കുന്ന ഓട്ടോ എക്‌സ്‌പോ 2020-ലാണ് സിയറയുടെ പുതിയ പതിപ്പായ 'സിറ കൺസപ്റ്റ് ഇലക്ട്രിക് എസ്.യു.വി'യെ ടാറ്റ കുടംതുറന്നു പുറത്തുവിട്ടിരിക്കുന്നത്. ഒറ്റക്കാഴ്ചയിൽ തന്നെ ആരും ഭ്രമിച്ചുപോകുന്ന പുത്തൻ സിയറയെ, കടുത്ത മത്സരം നടക്കുന്ന എസ്.യു.വി മാർക്കറ്റിലേക്ക് ഇടിച്ചുകയറാനുള്ള ഉപാധിയായിട്ടാണ് ടാറ്റ കാണുന്നതെന്ന് വ്യക്തം.
പഴയ സിയറയുടെ തിരിച്ചറിയൽ ചിഹ്നമായിരുന്ന റൂഫ് വരെ നീളുന്ന സിംഗിൾ പീസ് സൈഡ് ഗ്ലാസ് ആണ് ഒറ്റക്കാഴ്ചയിൽ പുതിയ സിയറയിലും നമ്മുടെ ശ്രദ്ധയിൽ ആദ്യം പെടുക. മുൻനിര എസ്.യു.വികളോട് കിടപിടിക്കുന്ന വിധമാണ് ഫ്രണ്ട് ഭാഗത്തെ ഡിസൈൻ. രൂപകൽപ്പനയിൽ ആഢംബര എസ്.യു.വിയായ ലാൻഡ് റോവർ ഡിസ്‌കവറിയോട് ഒത്തുനിൽക്കും.
പിൻഭാഗത്ത് വശങ്ങളിൽ ഡോറുകളില്ലാതെ മൂന്ന് ഡോർ കൺസപ്റ്റ് തന്നെയാണ് പുതിയ സിയറാവതാരവും പിന്തുടരുന്നത്. കാബിനിലെ ലോഞ്ച് പോലുള്ള സീറ്റിംഗ് ഏരിയയിൽ ഒരു റിയർ ബെഞ്ചും ഫ്രണ്ട് പാസഞ്ചർ സീറ്റുമാണുള്ളത്. ഫ്രണ്ട് സീറ്റ് ഡിസൈൻ ചെയ്തിരിക്കുന്നത് ആവശ്യമെങ്കിൽ പിൻഭാഗത്തേക്ക് തിരിഞ്ഞിരിക്കാൻ കഴിയുംവിധമാണ്.
എക്‌സ്‌പോയിൽ അവതരിപ്പിച്ചെങ്കിലും സിയറ കൺസെപ്റ്റ് എപ്പോൾ പുറത്തിറക്കുമെന്നോ മറ്റ് വിശദാംശങ്ങളോ നിർമാതാക്കൾ വ്യക്തമാക്കിയിട്ടില്ല. എന്നാൽ, സമൂഹമാധ്യമങ്ങളിൽ സിയറ കൺസെപ്റ്റ് ഇതിനകം താരമായിക്കഴിഞ്ഞു.
Adjust Story Font
16