പരിശീലനപ്പറക്കലിനിടെ യുദ്ധവിമാനങ്ങൾ കൂട്ടിയിച്ച് കത്തി; രണ്ടു പൈലറ്റുമാർക്ക് ദാരുണാന്ത്യം
ടി-27 ട്യുക്കാനോ വിമാനങ്ങളാണ് അപകടത്തിൽപ്പെട്ടത്
കൊളംബിയ: പരിശീലനപ്പറക്കലിനിടെ യുദ്ധ വിമാനങ്ങൾ കൂട്ടിയിടിച്ച് കത്തി രണ്ടു പൈലറ്റുമാർക്ക് ദാരുണാന്ത്യം. കൊളംബിയയിലാണ് സംഭവം.കൊളംബിയൻ എയർഫോഴ്സിന്റെ രണ്ട് യുദ്ധവിമാനങ്ങളാണ് ആകാശത്ത് കൂട്ടിയിടിച്ച് തീപിടിച്ചത്. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയും വൈറലാവുകയും ചെയ്തു. പരിശീലന അഭ്യാസത്തിനിടെ പോർവിമാനങ്ങൾ വട്ടമിട്ട് പറക്കുന്നതും കൂട്ടിയിടിച്ച് കത്തുന്നതും വീഡിയോയിൽ കാണാം.
ടി-27 ട്യുക്കാനോ വിമാനങ്ങളാണ് അപകടത്തിൽപ്പെട്ടത്. രണ്ട് വിമാനങ്ങളും എപിയായ് എയർ ബേസിൽ പരിശീലന പരിപാടിയിൽ പങ്കെടുക്കുന്നതിനിടെയാണ് അപകടമുണ്ടായതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
അപകടത്തിൽ മരിച്ച പൈലറ്റുമാരുടെ കുടുംബാംഗങ്ങൾക്ക് കൊളംബിയൻ വ്യോമസേന അനുശോചനം രേഖപ്പെടുത്തി.'പരിശീലന പറക്കലിനിടെ രണ്ട് ടി -27 ട്യുക്കാനോ വിമാനങ്ങൾ തകർന്നുവീണ കാര്യം വളരെ ദു:ഖത്തോടെ അറിയിക്കുന്നു. മരിച്ച പൈലറ്റുമാരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നു. പൈലറ്റുമാർ മരിക്കുന്നില്ല, അവർ കൂടുതൽ ഉയരത്തിൽ പറക്കുകയാണ്'.. കൊളംബിയൻ എയർഫോഴ്‌സ് ട്വീറ്റ് ചെയ്തു.