സ്വിഫ്റ്റ് ഫ്രം മാരുതി സുസുക്കി; നാലാം തലമുറ കാർ വാങ്ങാൻ ആവേശം

എട്ട് ദിവസം കൊണ്ട് ബുക്കിങ് 10,000 പിന്നിട്ടു

Update: 2024-05-11 09:07 GMT
Advertising

ഇന്ത്യയിലെ ഹാച്ച് ബാക്കുകളിൽ എന്നും മുൻനിരയിലാണ് സ്വിഫ്റ്റിന്റെ സ്ഥാനം. 2005 മെയിൽ ആണ് സ്വിഫ്റ്റിന്റെ ആദ്യ ജനറേഷൻ ഇന്ത്യയിൽ പുറത്തിറങ്ങുന്നത്. പിന്നീടങ്ങോട്ട് മാരുതിക്ക് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. മൂന്ന് ജനറേഷനുകളിലായി ലക്ഷക്കണക്കിന് കാറുകളാണ് വിറ്റുപോയത്.

19 വർഷം പിന്നിടുമ്പോൾ നാലാം തലമുറ മോഡലുമായി രംഗത്ത് വന്നിരിക്കുകയാണ് മാരുതി സുസുക്കി. ഏറെക്കാലത്തെ കാത്തിരിപ്പിനൊടുവിലാണ് വാഹനം വിപണിയിലെത്തുന്നത്. കഴിഞ്ഞദിവസം വാഹനം ഔദ്യോഗികമായി പുറത്തിറക്കി. അടുത്ത ആഴ്ചകളിൽ വാഹനത്തിന്റെ വിൽപ്പന ആരംഭിക്കും.

പുതിയ സ്വിഫ്റ്റിന്റെ ബുക്കിക്ക് ഈ മാസം ആദ്യം തന്നെ തുടങ്ങിയിരുന്നു. എട്ട് ദിവസങ്ങൾ കൊണ്ട് 10,000 ബുക്കിങ്ങുകളാണ് വാഹനത്തിന് ലഭിച്ചതെന്ന് കമ്പനി അറിയിച്ചു. രണ്ട് പതിറ്റാണ്ടായിട്ടു​ം സ്വിഫ്റ്റ് ഇന്നും ഇന്ത്യൻ കുടുംബങ്ങളുടെ പ്രിയപ്പെട്ട വാഹനമാണെന്നതിന്റെ തെളിവാണ് ഈ കണക്കുകൾ.

LXi, VXi, VXi (O), ZXi , ZXi+ എന്നിങ്ങനെയായി അഞ്ച് വേരിയന്റുകളാണ് നാലാം തലമുറ സ്വിഫ്റ്റിനുള്ളത്. 6.49 ലക്ഷം രൂപ (എക്സ് ഷോറൂം) മുതലാണ് വില ആരംഭിക്കുക.

പുതിയ എൻജിനാണ് വാഹനത്തിന്റെ കരുത്ത്. 1.2 ലിറ്റർ ഇസഡ് സീരീസ് 3 സിലിണ്ടർ എൻജിനാണ് ഇതിലുള്ളത്. 5700 ആർ.പി.എമ്മിൽ 80 ബി.എച്ച്.പിയാണ് ഇതിന്റെ പരമാവധി കരുത്ത്. 4300 ആർ.പി.എമ്മിൽ 112 എൻ.എം ടോർക്കും ഉൽപ്പാദിപ്പിക്കും. 5 സ്പീഡ് മാനുവൽ കൂടാതെ 5 സ്പീഡ് എ.എം.ടി ഗിയർ ബോക്സും കമ്പനി നൽകിയിട്ടുണ്ട്.

താഴ്ന്ന സ്ലംഗ് ഗ്രിൽ, ക്ലാംഷെൽ ബോണറ്റ്, ഫ്ലോട്ടിംഗ് റൂഫ്‌ലൈൻ എന്നിവയ്‌ക്കൊപ്പം പുനർരൂപകൽപ്പന ചെയ്ത എക്സ്റ്റീരിയർ സ്വിഫ്റ്റിന് പുതുരൂപം നൽകുന്നു. L ആകൃതിയിലുള്ള ഡിആർഎല്ലുകളുള്ള വലിയ പ്രൊജക്ടർ ഹെഡ്‌ലാമ്പുകളും എൽഇഡി ഫോഗ് ലാമ്പുകളും വാഹനത്തെ കൂടുതൽ മനോഹരമാക്കുന്നു. ക്ലിയർ ലെൻസ് എൽഇഡി ടെയിൽലൈറ്റുകളാണ് പിന്നിലുള്ളത്. ഡ്യുവൽ-ടോൺ അലോയ് വീലുകൾ വാഹനത്തിന് കൂടുതൽ ഭംഗി നൽകുന്നു.

ഡ്രൈവർ ​കേന്ദ്രീകൃതമായ ക്യാബിനാണ് വാഹനത്തിനകത്ത്. 3 സ്​പോക്ക് സ്റ്റിയറിങ് വീൽ ആരെയും ആകർഷിപ്പിക്കും. ഡ്യുവൽ ഡയൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും മധ്യഭാഗത്ത് 9 ഇഞ്ച് ടച്ച് സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും ഉൾപ്പെടുത്തിയിരിക്കുന്നു. ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർ പ്ലേ തുടങ്ങിയ കണക്റ്റിവിറ്റി ഫീച്ചറുകളാൽ സമ്പന്നമാണ് പുതിയ സ്വിഫ്റ്റ്.

കൂടാതെ വയർലെസ് ചാർജർ, ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ തുടങ്ങിയ സവിശേഷതകളും അകത്തുണ്ട്. ഉയർന്ന വേരിയന്റുകളിൽ ക്രൂയിസ് കൺട്രോൾ, കീലെസ് എൻട്രി, റിയർ എ.സി വെന്റുകൾ, റിയർ വൈപ്പർ, റിയർ പാർക്കിങ് കാമറ തുടങ്ങിയ ഫീച്ചറുകളും നൽകിയിരിക്കുന്നു.

ആറ് എയർ ​ബാഗുകൾ, ഇ.ബി.ഡിയോട് കൂടിയുള്ള എ.ബി.എസ്, ഇ.എസ്.സി, ഹിൽ സ്റ്റാർട്ട് അസിസ്റ്റ് എന്നിവയെല്ലാം നൽകി സുരക്ഷയുടെ കാര്യത്തിലും ഒട്ടും പിന്നിലല്ല വാഹനം. സുരക്ഷ ഫീച്ചറുകൾ എല്ലാ വേരിയന്റിലും സ്റ്റാൻഡേയി നൽകിയിട്ടുണ്ട്.

പുതിയ Z-സീരീസ് എഞ്ചിൻ മാനുവലിൽ 10 ശതമാനവും എഎംടിയിൽ 14 ശതമാനവും കൂടുതൽ ഇന്ധനക്ഷമത വാഗ്ദാനം ചെയ്യുന്നുണ്ട്. മാനുവലിൽ 24.80 കിലോമീറ്ററും എഎംടിയിൽ 25.75 കിലോമീറ്ററുമാണ് മൈലേജ്.

ലസ്റ്റർ ബ്ലൂ, നോവൽ ഓറഞ്ച്, സിസ്‌ലിംഗ് റെഡ്, പേൾ ആർട്ടിക് വൈറ്റ്, മാഗ്മ ഗ്രേ, സ്‌പ്ലെൻഡിഡ് സിൽവർ എന്നിങ്ങനെ ആറ് നിറങ്ങളിൽ വാഹനം ലഭ്യമാകും. കൂടാതെ മൂന്ന് ഡ്യുവൽ ടോൺ കളറുകളും ഉപഭോക്താക്കൾക്ക് തെരഞ്ഞെടുക്കാം. മിഡ്‌നൈറ്റ് ബ്ലാക്ക് റൂഫുള്ള ലസ്റ്റർ ബ്ലൂ, മിഡ്‌നൈറ്റ് ബ്ലാക്ക് റൂഫിനൊപ്പം സിസ്‌ലിംഗ് റെഡ്, മിഡ്‌നൈറ്റ് ബ്ലാക്ക് റൂഫുള്ള പേൾ ആർട്ടിക് വൈറ്റ് എന്നിവയാണവ.

LXi - 6,49,000 രൂപ, VXi - 7,29,500 രൂപ, VXi (O) - 7,56,500 രൂപ, ZXi - 8,29,500 രൂപ, ZXi+ - 8,99,500 രൂപ, ZXi+ ഡ്യുവൽ ടോൺ - 9,14,500 രൂപ എന്നിങ്ങനെയാണ് മാനുവലിൽ വിവിധ വേരിയന്റുകൾക്ക് വില വരുന്നത്.

VXi - 7,79,500 രൂപ, VXi (O) - 8,06,500 രൂപ, ZXi - 8,79,500 രൂപ, ZXi+ - 9,49,500 രൂപ, ZXi+ ഡ്യുവൽ ടോൺ - 9,64,500 രൂപ എന്നിങ്ങനെയാണ് എ.എം.ടി ഗിയർ ബോക്സുള്ള വേരിയന്റുകളുടെ എക്സ്ഷോറൂം വില.

പ്രതിമാസം 17,436 രൂപ വീതം വരുന്ന സബ്സ്ക്രിപ്ഷൻ പദ്ധതിയും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. വാഹനത്തിൻ്റെ ചെലവ്, രജിസ്ട്രേഷൻ, മെയിൻ്റനൻസ്, ഇൻഷുറൻസ്, റോഡ് സൈഡ് അസിസ്റ്റൻസ് എന്നിവയെല്ലാം സബ്സ്ക്രിപ്ഷനിൽ ഉൾപ്പെടുന്നു.

 

Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News