ചാർജിങ് പോയിന്റുകൾ, ബാറ്ററി സ്വാപ്പിങ്; ഇലക്ട്രിക് വാഹനങ്ങൾക്ക് വേണ്ടതെല്ലാം ഒറ്റ സ്വിച്ചിൽ
നഗരത്തിലെ 2500ലധികം ചാര്‍ജിങ് പോയിന്റുകളുടെ തത്സമയ വിവരങ്ങള്‍, നാവിഗേഷന്‍ സൗകര്യം, മാപ്പുകള്‍ മുതലായവ ഇതോടെ ഒറ്റ ക്ലിക്കിൽ ലഭ്യമാകും.
ചാർജിങ് പോയിന്റുകളും ബാറ്ററി സ്വാപ്പിങ് സ്റ്റേഷനുകളും കണ്ടെത്തുന്നത് ഇലക്ട്രിക് വാഹന ഉടമകളെ ചിലപ്പോഴൊക്കെ വലക്കാറുണ്ട്. ഇതിന് പരിഹാരമാവുകയാണ് ഡൽഹി സർക്കാരിന്റെ പുതിയ പദ്ധതി. വൈദ്യുതവാഹന ചാര്‍ജിങ് പോയന്റുകള്‍, ബാറ്ററി സ്വാപ്പിങ് സ്റ്റേഷനുകള്‍ എന്നിവയെക്കുറിച്ചുള്ള വിവരങ്ങള്‍ എളുപ്പത്തില്‍ കണ്ടെത്താന്‍ ന്യൂഡല്‍ഹിയിലെ ജനങ്ങളെ സഹായിക്കാൻ സ്വിച്ച് ഡല്‍ഹി പോര്‍ട്ടലില്‍ ഒരു ഓപ്പണ്‍ ഡാറ്റാബേസ് സൗകര്യം ആരംഭിച്ചിരിക്കുകയാണ്.
https://ev.delhi.gov.in/openev/ എന്ന വെബ് അഡ്രസിലാണ് ഡേറ്റാബേസ് പ്രവര്‍ത്തിക്കുക. ഇ-വാഹനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ ഒറ്റ പ്ലാറ്റ്‌ഫോമില്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത് ആരംഭിച്ചിരിക്കുന്നത്. നഗരത്തിലെ 2500ലധികം ചാര്‍ജിങ് പോയിന്റുകളുടെ തത്സമയ വിവരങ്ങള്‍, നാവിഗേഷന്‍ സൗകര്യം, മാപ്പുകള്‍ മുതലായവ ഇതോടെ ഒറ്റ ക്ലിക്കിൽ ലഭ്യമാകും.
2021-ല്‍, നഗരത്തിലെ ബസ് ഗതാഗതത്തിനായി ഡല്‍ഹി സര്‍ക്കാര്‍ ഓപ്പണ്‍ ഡേറ്റാബേസ് കൊണ്ടുവന്നത് ജനങ്ങൾക്ക് ഏറെ പ്രയോജനകരമായിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ നീക്കം. ഇതോടെ വൈദ്യുത വാഹന ഉപയോക്താക്കളുടെ ഏറ്റവും വലിയ പ്രശ്നത്തിന് പരിഹാരമാകുമെന്നാണ് സർക്കാർ പറയുന്നത്.