ടെസ്‌ല 53,000 കാറുകള്‍ തിരിച്ചുവിളിച്ചു
ഇലക്ട്രോണിക് പാര്‍ക്കിങ് ബ്രേക്ക് ശരിയായി റിലീസ് ചെയ്യാത്തതാണ് പ്രശ്‌നം. ടെസ്‌ലയുടെ ചരിത്രത്തിലെ രണ്ടാമത്തെ വലിയ തിരിച്ചുവിളിയാണിത്.
പ്രമുഖ വിദേശ കാര്‍ നിര്‍മാതാക്കളായ ടെസ്‌ല 53,000 കാറുകള്‍ തിരിച്ചുവിളിച്ചു. ഇലക്ട്രോണിക് പാര്‍ക്കിങ് ബ്രേക്കുകളില്‍ തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. ഇലക്ട്രോണിക് പാര്‍ക്കിങ് ബ്രേക്ക് ശരിയായി റിലീസ് ചെയ്യാത്തതാണ് പ്രശ്‌നം. ടെസ്‌ലയുടെ ചരിത്രത്തിലെ രണ്ടാമത്തെ വലിയ തിരിച്ചുവിളിയാണിത്.
കഴിഞ്ഞ വര്‍ഷം ഫെബ്രുവരി - ഒക്ടോബര്‍ കാലയളവില്‍ ഇറങ്ങിയ മോഡല്‍ എസ്, മോഡല്‍ എക്സ് വിഭാഗങ്ങളിലെ 53,000 വാഹനങ്ങളാണ് ടെസ്‌ല തിരികെ വിളിച്ചിരിക്കുന്നത്. ഗിയറിന്‍റെ നിര്‍മ്മാണത്തിലെ അപാകതയാണ് ഇത്രയും വാഹനങ്ങള്‍ തിരിച്ചുവിളിക്കാന്‍ കാരണം. ഗിയര്‍ പാര്‍ക്കിങ് ബ്രേക്കുമായി ഒത്തുപോകാത്തതാണ് പ്രശ്‌നമായത്. അഞ്ച് ശതമാനത്തില്‍ താഴെ വാഹനങ്ങളില്‍ മാത്രമേ പാര്‍ക്കിങ് ബ്രേക്ക് തകരാര്‍ കണ്ടെത്തിയിട്ടുള്ളൂവെങ്കിലും 53,000 വാഹനങ്ങള്‍ തിരിച്ചുവിളിക്കുകയാണെന്ന് കമ്പനി വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച പ്രസ്താവനയില്‍ അറിയിച്ചു. എന്നാല്‍, ബ്രേക് വിഷയവുമായി ബന്ധപ്പെട്ട് ഒരു അപകടം പോലും സംഭവിച്ചിട്ടില്ലെന്ന് ടെസ്‌ല വ്യക്തമാക്കി.
എത്രയും വേഗം റിപ്പയര്‍ തുടങ്ങുമെന്നും ഒക്‌റ്റോബറോടെ എല്ലാ പ്രശ്‌നബാധിത വാഹനങ്ങളിലും പാര്‍ക്കിങ് ബ്രേക് ലഭ്യമാകുമെന്നും ടെസ്‌ല അറിയിച്ചു. റിപ്പയര്‍ ചെയ്യുന്നതിന് 45 മിനിറ്റ് മതിയെന്നാണ് ടെസ്‌ല പറയുന്നത്. കഴിഞ്ഞ വര്‍ഷം ടെസ്‌ല അമേരിക്കയില്‍ 53 മില്യണിലധികം വാഹനങ്ങള്‍ തിരിച്ചുവിളിച്ചിരുന്നു. തുടര്‍ച്ചയായ മൂന്നാം വര്‍ഷമാണ് വാഹനങ്ങള്‍ തിരിച്ചുവിളിക്കുകയെന്ന ദുര്‍ഗതി ടെസ്‌ല നേരിടുന്നത്. കുറഞ്ഞവില കാറായ മോഡല്‍ 3 ക്കുവേണ്ടി ഉല്‍പ്പാദനം വര്‍ധിപ്പിക്കാന്‍ തയ്യാറെടുക്കുന്നതിനിടെയാണ് ടെസ്‌ല പുതിയ പ്രതിസന്ധി അഭിമുഖീകരിക്കുന്നത്. ജൂലൈയില്‍ മോഡല്‍ 3 പുറത്തിറക്കാനുള്ള ശ്രമത്തിലാണ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഇലോണ്‍ മസ്‌ക്.
വിപണിമൂല്യത്തില്‍ ഫോര്‍ഡ് മോട്ടോര്‍ കമ്പനിയെയും ജനറല്‍ മോട്ടോഴ്‌സിനെയും ടെസ്‌ല ഈയിടെ കടത്തിവെട്ടിയിരുന്നു. 2018 ല്‍ അഞ്ച് ലക്ഷത്തോളം മോഡല്‍ 3 പുറത്തിറക്കാനാണ് ഇലോണ്‍ മസ്‌കിന്‍റെ തീരുമാനം. 2020 ആകുന്പോഴേക്കും പത്ത് ലക്ഷമായി വര്‍ധിപ്പിക്കാനും കണക്കുകൂട്ടുന്നു. ഇറ്റലിയിലെ ബ്രെംബോ എന്ന വാഹനഘടക നിര്‍മ്മാണ കമ്പനിയാണ് ചെറിയ ഗിയര്‍ ടെസ്‌ലയ്ക്ക് വിതരണം ചെയ്തത്. പ്രശ്‌നം എത്രയും വേഗം പരിഹരിക്കുന്നതിന് ടെസ്‌ലയുമായി ചേര്‍ന്ന് ശ്രമം നടത്തിവരികയാണെന്ന് ബ്രെംബോ വക്താവ് പ്രതികരിച്ചു. തിരിച്ചുവിളി കേട്ടതോടെ ന്യൂ യോര്‍ക്ക് ഓഹരി വിപണിയില്‍ ടെസ്‌ലയുടെ ഓഹരി വില ഒരു ശതമാനം ഇടിഞ്ഞ് 302.51 ഡോളറിലാണ് കഴിഞ്ഞ ദിവസം വ്യാപാരം അവസാനിപ്പിച്ചത്.