അംബാസഡറിന് പുനര്‍ജന്മം നല്‍കാന്‍ പൂഷോ; കരുത്തനായി വീണ്ടും നിരത്തിലേക്കെത്തും
സാധാരണക്കാരുടെ ടാക്സി കാര്‍ മുതല്‍ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വാഹനം വരെയായി വിലസിയിരുന്ന ഇതിഹാസം
അര നൂറ്റാണ്ടിലേറെ ഇന്ത്യന്‍ നിരത്തിലെ രാജാവായിരുന്നു അംബാസഡര്‍. സാധാരണക്കാരുടെ ടാക്സി കാര്‍ മുതല്‍ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വാഹനം വരെയായി വിലസിയിരുന്ന ഇതിഹാസം. സാങ്കേതിക വിദ്യ വളര്‍ന്നതോടെ നിരത്തില്‍ വിവിധ തരം ആഢംബര വാഹനങ്ങള്‍ ചീറിപ്പായാന്‍ തുടങ്ങി. അപ്പോഴും ഗൃഹാതുരത ഉണര്‍ത്തി അംബാസഡര്‍ കാറുകള്‍ തലകുനിക്കാതെ തന്നെ ഓടി. ഹിന്ദുസ്ഥാന്‍ മോട്ടോഴ്‍സ് ഇന്ത്യയുടെ സ്വകാര്യ അഹങ്കാരമായി വളര്‍ത്തിയെടുത്ത അംബാസഡര്‍ എന്ന നാമം ഒടുവില്‍ യൂറോപ്യന്‍ കമ്പനിയായ പൂഷോ സ്വന്തമാക്കി. ഒരുകാലത്ത് ആരുടെയും സ്വപ്ന വാഹനമായിരുന്ന അംബാസഡര്‍ കാറിനെ പൂഷോ ഏറ്റെടുത്തത് വെറും 80 കോടി രൂപക്കാണ്.
ഇനി പൂഷോയില്‍ നിന്നു കരുത്തറ്റ അവതാരമായി പുതുപുത്തന്‍ അംബാസഡര്‍ കാര്‍ ഉടന്‍ തന്നെ നിരത്തിലേക്ക് ചീറിയെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മധ്യവര്‍ഗ ഉപഭോക്താക്കളെ ലക്ഷ്യമിട്ട് തന്നെയാണ് അംബാസഡറിന്റെ രണ്ടാമൂഴം. 5.5-6 ലക്ഷം രൂപ മുതല്‍ 9 ലക്ഷം രൂപ വില വരുന്ന വ്യത്യസ്ത ശ്രേണിയിലായിട്ടാണ് അംബാസഡറിന്റെ രണ്ടാം വരവ്. നിലവില്‍ നിരത്തിലുള്ള ഹുണ്ടായ് എക്സന്റ്, ഹോണ്ട അമേസ്, ഹോണ്ട സിറ്റി, ഫോക്സ്‍വാഗന്‍ വെന്റോ, മാരുതി സുസുക്കി സ്വിഫ്റ്റ് ഡിസൈര്‍ തുടങ്ങിയവരോടായിരിക്കും അംബാസഡര്‍ മത്സരിക്കുക. ബംഗാളിലെ ഉത്തർവാറ ഹിന്ദുസ്ഥാൻ മോട്ടോഴ്സ് ഫാക്ടറിയിൽ 1958 ലാണ് ബിർള ഗ്രൂപ്പ് അംബാസഡർ കാർ നിർമാണം തുടങ്ങിയത്. എന്നാല്‍ പൂഷോ പ്ലാന്റ് വാങ്ങിയിട്ടില്ല. ബ്രാന്‍ഡ് നെയിം മാത്രമാണ് സ്വന്തമാക്കിയിട്ടുള്ളത്. അതുകൊണ്ട് തന്നെ പൂഷോയില്‍ നിന്നു പുതിയ അവതാരം ആയി തന്നെയാണ് അംബാസഡര്‍ എത്തുക.
ബ്രിട്ടീഷ് കാറായ മോറിസ് ഓക്സ്ഫഡ് സീരീസ് 2 ലാൻഡ് മാസ്റ്ററിനെ അടിസ്ഥാനമാക്കിയാണ് അംബാസഡറിന്റെ പിറവി. സമാനതകളില്ലാത്ത രീതിയില്‍ സാധാരണക്കാര്‍ മുതല്‍ ഭരണസിരാകേന്ദ്രങ്ങളെ നിയന്ത്രിക്കുന്നവര്‍ക്ക് വരെ അംബാസഡര്‍ പ്രിയപ്പെട്ടവനായി വളര്‍ന്നു. 1958 ല്‍ തുടങ്ങിയ ഓട്ടം 80 കള്‍ ആയപ്പോഴേക്കും യുവതാരങ്ങളില്‍ തട്ടി കിതക്കാന്‍ തുടങ്ങി. ഇന്ത്യക്കാരെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ ശീലിപ്പിച്ച നോക്കിയയുടെ ഗതിയായി പിന്നീടങ്ങോട്ട് അംബാസഡറിനും. പുതുമുഖങ്ങളോട് മത്സരിക്കാനും പിടിച്ചുനില്‍ക്കാനും മറ്റു വേരിയന്റുകള്‍ അവതരിപ്പിച്ചെങ്കിലും അതൊന്നും വിജയിച്ചില്ല. ഒടുവില്‍ 2014 ല്‍ അംബാഡസറിന്റെ ഉത്പാദനം അവസാനിപ്പിച്ചു. ഇനി പൂഷോയുടെ കരുത്തുമായി അംബഡസറിന്റെ രണ്ടാം വരവിനായി കാത്തിരിക്കാം.