അതിവേഗ ലഹരി സമ്മാനിക്കുന്ന ദുരന്തങ്ങള്‍
സൂപ്പര്‍-സ്പോര്‍ട്സ് ബൈക്കുകള്‍ വില്ലനാകുന്നു. രൂപമാറ്റം വരുത്തുന്നതും സുരക്ഷക്ക് വെല്ലുവിളി.
റോഡുകളിലെ പുതിയ വില്ലന്‍ അതിവേഗ ബൈക്കുകളാണ്. ഓടിക്കുന്നവര്‍ക്കും മറ്റുള്ളവര്‍ക്കും ഒരുപോലെ വെല്ലുവിളിയാണ് വ്യാപകമായിക്കൊണ്ടിരിക്കുന്ന പുതുതലമുറ ബൈക്കുകള്‍. നമ്മുടെ റോഡുകള്‍ ഇത്തരം ബൈക്കുകള്‍ക്ക് യോജിച്ചതല്ലെന്ന് മാത്രമല്ല, ഇവ ഓടിക്കുന്നവര്‍ക്ക് വേണ്ടത്ര പരിശീലനമില്ലാത്തതും അപകടങ്ങള്‍ക്ക് കാരണമാവുന്നു.
100 ഉം 150 ഉം സിസി ബൈക്കുകളൊക്കെ പഴങ്കഥ. ഇരുനൂറിന് മുകളില്‍ 1600 വരെ സിസിയുള്ള ബൈക്കുകളാണ് ഇപ്പോള്‍ യുവാക്കളുടെ ഹരം. വേഗം കൂടുതല്‍. ഭാരം കുറവ്. തൊട്ടാല്‍ പറക്കും. പക്ഷെ എ ബി എസ് സംവിധാനമൊക്കെയുണ്ടെങ്കിലും പിടിക്കുന്നിടത്ത് നില്‍ക്കണമെന്നില്ല,
അതിവേഗതയുടെ ലഹരി സമ്മാനിക്കുന്നത് ദുരന്തങ്ങള്‍. ഈ അടുത്തകാലത്തായി യുവാക്കളുടെ പ്രിയങ്കരനായി മാറിയ ഒരു ബൈക്കിന്റെ ഇരട്ടപ്പേര് തന്നെ കൊലയാളിയെന്നാണ്.
വിദേശ രാജ്യങ്ങളിലെ മേന്മയുള്ള നിരത്തുകൾക്ക് വേണ്ടി രൂപപ്പെടുത്തിയ ഇത്തരം ബൈക്കുകൾ നമ്മുടെ കുണ്ടുംകുഴിയുമായ. ട്രാഫിക് സാന്ദ്രതയേറിയ നമ്മുടെ നിരത്തുകള്‍ക്ക് യോജിച്ചതല്ല എന്നതാണ് പ്രാഥമികമായ കാര്യം. മതിയായ പരീശീലനം നേടുന്നത് പോയിട്ട് ട്രാഫിക് നിയമങ്ങള്‍ പോലും സൂപ്പര്‍ ബൈക്കുകാര്‍ പാലിക്കുന്നില്ല.
മോടിക്ക് വേണ്ടിയുള്ള മോഡിഫിക്കേഷനും അപകടങ്ങള്‍ക്ക് കാരണമാവുന്നുണ്ട്. കാതടപ്പിക്കുന്ന ശബ്ദം, കാറിന്റേത് പോലെ വീതിയേറിയ ടയറുകള്‍, ഉയർന്നു വളഞ്ഞും ഹാൻഡിൽ ബാർ, അതിശക്തമായ വെളിച്ചം തരുന്ന ഹെഡ്‌ലൈറ്റ്.
തോന്നുംപടി രൂപമാറ്റം വരുത്തുന്നത് ബൈക്കുകളുടെ സ്വാഭാവികമായ സുരക്ഷാസംവിധാനങ്ങളുടെയും ബാലന്‍സ് തെറ്റിക്കും. ആട്ടോമോട്ടീവ് റിസര്‍ച്ച് അസോസിയേഷന്‍ ക്ലിയറന്‍സ് നല്‍കിയ വാഹനങ്ങളില്‍ രൂപമാറ്റം വരുത്തുന്നത് കുറ്റകരമാണ്.