സത്യമായും ഇത് റോയല്‍ എന്‍ഫീല്‍ഡാണ്...
പതിറ്റാണ്ടുകളോളം പാരമ്പര്യത്തില്‍ പിടിമുറുക്കി വാഹനപ്രേമികളുടെ ഹൃദയത്തില്‍ രാജകീയ സിംഹാസനത്തിലിരുന്ന റോയല്‍ എന്‍ഫീല്‍ഡും കാലത്തിനനുസരിച്ച് കോലം മാറുകയാണ്.
പതിറ്റാണ്ടുകളോളം പാരമ്പര്യത്തില്‍ പിടിമുറുക്കി വാഹനപ്രേമികളുടെ ഹൃദയത്തില്‍ രാജകീയ സിംഹാസനത്തിലിരുന്ന റോയല്‍ എന്‍ഫീല്‍ഡും കാലത്തിനനുസരിച്ച് കോലം മാറുകയാണ്. ഒറ്റ നോട്ടത്തില്‍ റോയല്‍ എന്‍ഫീല്‍ഡ് ബൈക്കുകളാണോയെന്ന സംശയം ജനിപ്പിക്കുന്ന തരത്തിലാണ് പുതിയ രണ്ടു മോഡലുകളുടെ രൂപകല്‍പ്പന. ഫ്രാൻസിൽ നടക്കുന്ന വീൽസ് ആൻഡ് വേവ്സ് ഫെസ്റ്റിവെല്ലിലാണ് റോയൽ എൻഫീൽഡ് കസ്റ്റമെസ് ചെയ്ത രണ്ടു മോഡലുകളെ ലോകത്തിന് പരിചയപ്പെടുത്തിയത്.
സർഫ് റേസർ, ജെന്റിൽമാൻ ബ്രാട്ട് എന്നീ രണ്ട് മോഡലുകളാണ് റോയൽ എൻഫീൽഡ് പ്രദർശനത്തിന് എത്തിച്ചത്. മറ്റൊരു കമ്പനിയുമായി സഹകരിച്ചാണ് റോയല്‍ എന്‍ഫീല്‍ഡ് തങ്ങളുടെ ന്യൂജന്‍ മോഡലുകളെ അണിയിച്ചൊരുക്കിയിരിക്കുന്നത്. കോൺണ്ടിനെന്റൽ ജിടി കഫേ റേസറെ അടിമുടി മാറ്റിയാണ് സർഫ് റേസറിനെ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. പുറംമോടി പൂർണമായും അഴിച്ചു പണിതിട്ടുണ്ട്. പുത്തന്‍ മോഡലില്‍ ഫ്യൂവൽ ടാങ്കിന് മാത്രമേ സാമ്യത തോന്നുകയുള്ളു. 533 സിസി സിംഗിൾ സിലണ്ടർ എൻജിനാണ് ബൈക്കിന് കരുത്ത് പകരുന്നത്. വലിയ 17 ഇഞ്ച് പെർഫോമൻസ് റിമ്മിലാണ് ടയർ മുന്നേറുക. സീറ്റിനടിയിലാണ് ചെറിയ എക്സ്ഹോസ്റ്റിന്റെ സ്ഥാനം.
റോയൽ എൻഫീൽഡിന്റെ ഓഫ് റോഡ് ബൈക്കായ ഹിമാലയനിൽ രൂപമാറ്റം വരുത്തിയപ്പോള്‍ അത് ജെന്റിൽമാൻ ബ്രാട്ടായി. സയന്‍സ് ഫിക്ഷന്‍ സിനിമകളിലെ ബൈക്കുമായി സാമ്യം തോന്നുന്ന രീതിയിലാണ് ഇവനെ റോയല്‍ എൻഫീൽഡ് അണിയിച്ചൊരുക്കുന്നത്. റിയർ സൈഡിന് ഹിമാലയനുമായി സാമ്യമില്ല. റൈഡിങ് പൊസിഷൻ ഉയർത്തി സിംഗിൾ സീറ്റിലാണ് പുതിയ ബൈക്കിന്റെ രൂപകൽപ്പന. സാങ്കേതിക കാര്യങ്ങളിൽ മാറ്റമില്ല. 411 സിസി എൻജിൻ 24.5 ബിഎച്ച്പി കരുത്ത് പകരും.