ഒറ്റനോട്ടത്തില്‍ സിംപിള്‍, വില കേട്ടാല്‍ ഞെട്ടും
ഇന്ത്യന്‍ വിപണിയില്‍ വരെ ജനപ്രീതിയും ഖ്യാതിയും നേടിയവരാണ് ഇക്കൂട്ടര്‍.
ഇംഗ്ലീഷ് വാഹന നിര്‍മാതാക്കളാണ് ട്രയംപ് മോട്ടോര്‍സൈക്കിള്‍സ്. ഇന്ത്യന്‍ വിപണിയില്‍ വരെ ജനപ്രീതിയും ഖ്യാതിയും നേടിയവരാണ് ഇക്കൂട്ടര്‍. രൂപകല്‍പനയില്‍ സിംപിളാണെങ്കിലും നിരത്തില്‍ പവര്‍ഫുള്ളാണ് ട്രയംപിന്റെ ബൈക്കുകള്‍. ട്രയംപ് പുതുതായി അവതരിപ്പിച്ച ഡ്യുവല്‍ എന്‍ജിന്‍ ബൈക്കായ ബോണവില്‍ ടി 100 ഇന്ത്യന്‍ വിപണി കീഴടക്കാന്‍ എത്തുകയാണ്. ഒറ്റനോട്ടത്തില്‍ യമഹ RX 100 നോട് സാമ്യം തോന്നുമെങ്കിലും വില കേട്ടാല്‍ ഞെട്ടും. ഡല്‍ഹിയില്‍ 7.78 ലക്ഷം രൂപയാണ് ബോണവില്‍ ടി 100 ന്റെ എക്സ് ഷോറൂം വില.
ഡ്യുവല്‍ എന്‍ജിനാണ് ടി 100 ന്റെ കരുത്ത്. 900 സിസി ലിക്വിഡ് കൂള്‍ഡ് എന്‍ജിന്‍ 5900 ആര്‍പിഎമ്മില്‍ 54 ബിഎച്ച്പിയും 3230 ആര്‍പിഎമ്മില്‍ 80 എന്‍എം ടോര്‍ക്കുമാണ് കരുത്ത് ഉത്പാദിപ്പിക്കുക. അഞ്ച് സ്‍പീഡ് ട്രാന്‍സ്മിഷനാണിതില്‍. മുന്‍ഗാമിയേക്കാള്‍ 22 ശതമാനം കൂടുതല്‍ കരുത്തനായാണ് ടി 100 ന്റെ വരവ്. 14.5 ലിറ്ററാണ് ഇന്ധന ടാങ്കിന്റെ ശേഷി. 213 കിലോഗ്രാമാണ് ഭാരം. വന്‍ സുരക്ഷയാണ് ഈ ബൈക്കിനുള്ളത്. എബിഎസ്, റൈഡ് ബൈ വയര്‍, എന്‍ജിന്‍ ഇമ്മൊബിലൈസര്‍, യുഎസ്ബി ചാര്‍ജിങ് പോര്‍ട്ട് തുടങ്ങിയ സവിശേഷതകളും ടി 100 നുണ്ട്.