ഒരു തവണ ചാര്‍ജ് ചെയ്താല്‍ 1000 കിലോമീറ്റര്‍ മൈലേജ്; ടെസ്‍ലയുടെ കിടിലന്‍ കാര്‍

Update: 2018-05-28 10:44 GMT
Editor : Alwyn K Jose
ഒരു തവണ ചാര്‍ജ് ചെയ്താല്‍ 1000 കിലോമീറ്റര്‍ മൈലേജ്; ടെസ്‍ലയുടെ കിടിലന്‍ കാര്‍
Advertising

ഏറ്റവും വേഗതയില്‍ നിര്‍മ്മിക്കപ്പെട്ട ആദ്യ കാര്‍ എന്നാണ് സ്പോര്‍ട്സ് കാറിനെ കുറിച്ച് എലന്‍ മസ്ക് പറയുന്നത്.

പുതിയ ഇലക്ട്രിക് സെമി ട്രക്കും, സ്പോര്‍ട്സ് കാറും അവതരിപ്പിച്ച് ടെസ്‌ല. ലോസ് ആഞ്ചല്‍സില്‍ നടന്ന ചടങ്ങിലാണ് ടെസ്‌ല ചീഫ് എക്സിക്യൂട്ടീവ് എലന്‍ മസ്ക് അത്യാധുനിക സാങ്കേതിക വിദ്യയില്‍ നിര്‍മ്മിക്കുന്ന വാഹനങ്ങള്‍ പരിചയപ്പെടുത്തിയത്.

ഏറ്റവും വേഗതയില്‍ നിര്‍മ്മിക്കപ്പെട്ട ആദ്യ കാര്‍ എന്നാണ് സ്പോര്‍ട്സ് കാറിനെ കുറിച്ച് എലന്‍ മസ്ക് പറയുന്നത്. നാല് പേര്‍ക്ക് ഇരിക്കാന്‍ സൗകര്യമുള്ള കാറിന് മണിക്കൂറില്‍ 400 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കാന്‍ സാധിക്കും. ഒറ്റത്തവണ ഫുള്‍ചാര്‍ജ് ചെയ്താല്‍ 1000 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാനും ഈ കാറിനാകും. ഇതൊരു ഇലക്ട്രിക് കാറിന്റെ ദൂരമാണെന്നും മസ്ക് പറഞ്ഞു. ആദ്യം പുറത്തിറങ്ങുന്ന ആയിരം കാറുകള്‍ക്ക് 1.6 കോടി രൂപയായിരിക്കും വില. എന്നാല്‍ ഇത് പിന്നീട് 1.3 കോടി രൂപയായി കുറയുമെന്നും എലന്‍ മസ്ക് വ്യക്തമാക്കി.

നിരവധി സവിശേഷതകളോടെയാണ് പുതിയ ഇലക്‌ട്രിക് സെമി ട്രക്ക് ടെസ്‌ല പുറത്തിറക്കുന്നത്. ഒറ്റ ചാര്‍ജിങില്‍ 800 കിലോമീറ്റര്‍ ദൂരം ട്രക്കിന് സഞ്ചരിക്കാനാകുമെന്നതാണ് ഏറ്റവും വലിയ സവിശേഷത. കൂടാതെ അഞ്ച് സെക്കന്റില്‍ 96 കിലോമീറ്റര്‍ വേഗത കൈവരിക്കാനാകും. ഏകദേശം 36287 കിലോഗ്രാം ഭാരം ഈ വേഗതയില്‍ വലിച്ചുകൊണ്ടുപോകാം. ഡീസല്‍ എന്‍ജിനുകളേക്കാള്‍ 20 ശതമാനം ചിലവ് കുറവായിരിക്കും ടെസ് ലയുടെ പുതിയ ഇലക്ട്രിക് ട്രക്കുകള്‍ക്കെന്നാണ് എലന്‍ മസ്‌ക് അവകാശപ്പെടുന്നത്. ഇതിലെ സെല്‍ഫ് ഡ്രൈവിങ് സാങ്കേതിക വിദ്യ ഉപയോഗിച്ച് ഒരുപാട് ട്രക്കുകളെ വരിയായി ഒരുമിച്ച് കൊണ്ടുപോവാന്‍ സാധിക്കും. ഏറ്റവും മുന്നിലുള്ള ട്രക്കില്‍ മാത്രം ഡ്രൈവര്‍ ഉണ്ടായാല്‍ മതി. പിന്നിലുള്ള ട്രക്കുകള്‍ക്ക് ഡ്രൈവറില്ലാതെ തന്നെ മുന്നിലുള്ള വാഹനങ്ങളെ പിന്തുടര്‍ന്ന് വരാന്‍ സാധിക്കും. ട്രക്കിന്റെ ഷാസിനുള്ളില്‍ തന്നെയാണ് ബാറ്ററികളും ഘടിപ്പിച്ചിട്ടുള്ളത്. സാധാരണ ട്രക്കുകളില്‍ നിന്നും വ്യത്യസ്തമായി സെന്റര്‍ സീറ്റിലാണ് ഡ്രൈവര്‍ ഇരിക്കുക. ഡ്രൈവര്‍ക്ക് ഇരുവശങ്ങളിലുമായി രണ്ട് ടച്ച് സ്ക്രീനുകളും ഉണ്ടാകും. ട്രക്കുകളുടെ വില എന്തെന്നോ, എവിടെവെച്ച് നിര്‍മിക്കുമെന്നോ ടെസ്‌ല വ്യക്തമാക്കിയിട്ടില്ല.

Writer - Alwyn K Jose

contributor

Editor - Alwyn K Jose

contributor

Similar News