ഹ്യുണ്ടായ് ഐ30 ഫാസ്റ്റ്ബാക്ക് വരുന്നു; അറിയേണ്ടതെല്ലാം...

Update: 2018-06-01 13:41 GMT
ഹ്യുണ്ടായ് ഐ30 ഫാസ്റ്റ്ബാക്ക് വരുന്നു; അറിയേണ്ടതെല്ലാം...
Advertising

ഇന്ത്യന്‍ വാഹന പ്രേമികളുടെ അടുപ്പക്കാരനാണ് ദക്ഷിണ കൊറിയന്‍ വാഹന നിര്‍മാതാക്കളായ ഹ്യുണ്ടായ്.

ഇന്ത്യന്‍ വാഹന പ്രേമികളുടെ അടുപ്പക്കാരനാണ് ദക്ഷിണ കൊറിയന്‍ വാഹന നിര്‍മാതാക്കളായ ഹ്യുണ്ടായ്. പോക്കറ്റ് കാലിയാക്കാതെ കരുത്തും ഗ്ലാമറുമുള്ള വാഹനം വീട്ടുമുറ്റത്തെത്തിക്കാം എന്നതു തന്നെയാണ് ഈ ഇഷ്ടത്തിന് കാരണം. കൊറിയന്‍ തട്ടകത്തില്‍ നിന്നു ഇന്ത്യന്‍ നിരത്തുകളെ ആകര്‍ഷിക്കാന്‍ എത്തുന്ന പുതിയ അവതാരമാണ് ഐ30 ഫാസ്റ്റ്ബാക്ക്. കരുത്തിനൊപ്പം ഗ്ലാമറില്‍ വിട്ടുവീഴ്ചയില്ലാതെ ഹ്യുണ്ടായ് അവതരിപ്പിക്കുന്ന താരമാണ് ഐ30 ഫാസ്റ്റ്ബാക്ക്. ‌

ഹാച്ച്ബാക്കിന്റെയും സെഡാന്റെയും മിശ്രിത രൂപമായ ഫാസ്റ്റ്ബാക്കില്‍ ഐ30 യുടെ പുതിയമുഖം വമ്പന്‍ പരിവേഷമാണ് വാഹനപ്രേമികള്‍ക്കിടയില്‍ ഉണര്‍ത്തുക. ഐ30 കുടുംബത്തിലേക്കുള്ള പുതിയ അംഗമാണ് ഇവന്‍. അഴകിന്റെ കാര്യത്തില്‍ ഒരു തരത്തിലുമുള്ള താരതമ്യത്തിന് ഇടനല്‍കാതെയാണ് ഇവന്റെ രൂപകല്‍പന. വലിയ ഗ്രില്ലിനു താഴെ ചെറിയ എയര്‍ഡാമാണ് നല്‍കിയിരിക്കുന്നത്. ഹെഡ്‌ലാമ്പില്‍ ഡുവല്‍ ബീം പ്രൊജക്ഷന്‍ ലൈറ്റുകള്‍ നല്‍കിയിരിക്കുന്നു. വശത്തു നിന്നുള്ള കാഴ്ചയില്‍ ഗംഭീര ഭാവമാണ് ഇവന്‍ നല്‍കുക. വാലറ്റത്ത് എത്തി അവസാനിക്കുന്ന റൂഫില്‍ നിന്നുള്ള ചെരിവ് കൂടുതല്‍ ആകര്‍ഷണീയത ഉയര്‍ത്തുന്നു. ഹാച്ച്ബാക്ക് മോഡലിനേക്കാള്‍ 115 മില്ലീമീറ്റര്‍ നീളക്കൂടുതലുണ്ട് ഫാസ്റ്റ്ബാക്കില്‍. ഡയമണ്ട് കട്ട് അലോയി വീലുകളാണിതിലുള്ളത്.

ഇന്‍ഫോടെന്‍മെന്റ് സിസ്റ്റത്തിലുമുണ്ട് പ്രത്യേകതകള്‍. അടിസ്ഥാന മോഡലില്‍ 5 ഇഞ്ച് ഡിസ്‍പ്ലേയും ഹൈ എന്‍ഡ് ഇനത്തില്‍ 8 ഇഞ്ച് ടച്ച്സ്ക്രീന്‍ സിസ്റ്റവുമുണ്ട്. സാറ്റ്‍ലൈറ്റ് നാവിഗേഷന്‍, സ്‍മാര്‍ട്ട്ഫോണ്‍ കണക്ടിവിറ്റി, ക്രൂയിസ് കണ്‍ട്രോള്‍, അടിയന്തര ഘട്ടങ്ങളില്‍ ബ്രേക്ക് സംവിധാനത്തിന്റെ പ്രവര്‍ത്തനം സുഗമമാക്കുന്ന ഡ്രൈവര്‍ അസിസ്റ്റ് സിസ്റ്റം, അപകടങ്ങള്‍ ഒഴിവാക്കാനുള്ള ഡ്രൈവര്‍ അറ്റന്‍ഷന്‍ അലേര്‍ട്ട്, ഹൈവേയില്‍ ലൈന്‍ സ്ഥിരത ഉറപ്പുവരുന്നതിനും വേഗത സംബന്ധിച്ച മുന്നറിയിപ്പ് നല്‍കുന്നതിനുമൊക്കെയുള്ള സംവിധാനങ്ങള്‍ ഇതിലുണ്ടാകും. 1.0 ലിറ്റര്‍ 3 സിലിണ്ടര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിന്‍ 118 ബിഎച്ച്പി കരുത്താണ് ഉത്പാദിപ്പിക്കുക. ഇതിനൊപ്പം തന്നെ 1.4 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിന്‍ ഘടിപ്പിച്ച മോഡലുമുണ്ട്. ഈ എന്‍ജിന്‍ 138 ബിഎച്ച്പി കരുത്തുണ്ടാക്കും. 1 ലിറ്റര്‍ എന്‍ജിനില്‍ ആറു സ്‍പീഡ് മാനുവല്‍ ഗിയര്‍ സംവിധാനവും 1.4 ലിറ്റര്‍ എന്‍ജിന്‍ മോഡലില്‍ ഏഴു സ്‍പീഡ് ഡ്യുവല്‍ ക്ലച്ച് ഗിയര്‍ ബോക്സുമാണുള്ളത്. 1.6 ലിറ്റര്‍ 4 സിലിണ്ടര്‍ ഡീസല്‍ എന്‍ജിന്‍ 134 ബിഎച്ച്പി കരുത്താണ് ഉത്പാദിപ്പിക്കുക. ഇതില്‍ മാനുവല്‍, ഓട്ടോമാറ്റിക് ഗിയര്‍ സംവിധാനമുണ്ട്. കരുത്തിനൊപ്പം അഴകും ആകാര വലുപ്പവും കൂടിച്ചേര്‍ന്നിരിക്കുന്ന ഫാറ്റ്ബാക്കിന്റെ വില സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

Similar News