പുത്തന്‍ ലുക്കില്‍ കൊതിപ്പിക്കുന്ന മൈലേജുമായി ഡിസൈര്‍; വിലയും സവിശേഷതകളും
സാധാരണക്കാരില്‍ ഒരാള്‍ ഒരു കാര്‍ ഷോറൂമിലെത്തിയാല്‍ ആദ്യം ചുറ്റുമൊന്ന് കണ്ണോടിക്കും.
സാധാരണക്കാരില്‍ ഒരാള്‍ ഒരു കാര്‍ ഷോറൂമിലെത്തിയാല്‍ ആദ്യം ചുറ്റുമൊന്ന് കണ്ണോടിക്കും. പിന്നെ ആദ്യം തന്നെ കണ്ടുവെച്ചിട്ടുള്ള കാറിന്റെ അടുത്തെത്തും. അടിമുടി നോട്ടം കഴിഞ്ഞാല്‍ പിന്നെ ചോദിക്കുക വിലയും മൈലേജും എത്ര എന്നായിരിക്കും. മൈലേജ് എത്ര കിട്ടും എന്ന ചോദ്യം വാഹന നിര്‍മാതാക്കളെ വരെ സ്വാധീനിക്കുന്ന ഒന്നാണ്. കുഞ്ഞന്‍ കാറുകള്‍ക്കപ്പുറം സെഡാന്‍ മോഡല്‍ വാഹനങ്ങളും കുറഞ്ഞ വിലക്കൊപ്പം കൂടുതല്‍ മൈലേജ് എന്ന സങ്കല്‍പത്തിനാണ് ഇപ്പോള്‍ പ്രാധാന്യം നല്‍കുന്നത്. ഈ സങ്കല്‍പങ്ങളുടെ സാക്ഷാത്കാരമാണ് മാരുതി സുസുക്കി അവസരിപ്പിക്കുന്ന പുത്തന്‍ ഡിസൈര്‍. രൂപത്തിലും കരുത്തിലും കൂടുതല്‍ തിളക്കത്തോടെ എത്തുന്ന ഡിസൈര്‍, വിലയിലും ഇന്ധനക്ഷമതയിലും വിസ്മയിപ്പിക്കും. ഇതിനോടകം ബുക്കിങ് ആരംഭിച്ചു കഴിഞ്ഞ ഡിസൈര്‍, സ്വന്തമാക്കാന്‍ വെറും 11,000 രൂപ നല്‍കിയാല്‍ മതി.
ഒട്ടേറെ സവിശേഷതകളാണ് ഡിസൈര്‍ കാത്തുവെച്ചിരിക്കുന്നത്. അതില്‍ ഏറ്റവും പ്രധാനം ഇന്ധനക്ഷമത തന്നെയാണ്. രാജ്യത്ത് ഏറ്റവും കൂടുതല്‍ ഇന്ധനക്ഷതമയുള്ള കാര്‍ എന്ന റെക്കോര്‍ഡും ഇനി ഡിസൈറിന്റെ ഡീസല്‍ പതിപ്പിന്റെ പേരിലായിരിക്കും. ഡിസൈറിന്റെ ഡീസല്‍ വേരിയന്റ് ലിറ്ററിന് 28.40 കിലോമീറ്റര്‍ എന്ന മോഹിപ്പിക്കുന്ന മൈലേജാണ് വാഗ്ദാനം ചെയ്യുന്നത്. മാരുതിയുടെ തന്നെ സിയസിന്റെ റെക്കോര്‍ഡാണ് ഡിസൈര്‍ തിരുത്തി എഴുതിയത്. ലിറ്ററിന് 28.09 കിലോമീറ്റര്‍ ആണ് സിയസിന്റെ മൈലേജ്. പെട്രോള്‍ പതിപ്പാണെങ്കില്‍ ലിറ്ററിന് 22 കിലോമീറ്റാണ് പുത്തന്‍ ഡിസൈര്‍ വാഗ്ദാനം ചെയ്യുന്നത്. പുതിയ HEARTECT പ്ലാറ്റ്ഫോമില്‍ രൂപപ്പെടുത്തിയതു കൊണ്ട് ഭാരം കുറക്കാനും ഡിസൈറിന് സാധിച്ചിട്ടുണ്ട്. വാഹനത്തിന്റെ മൊത്തത്തിലുള്ള ഭാരം കുറക്കാന്‍ ഈ വിദ്യ വഴി സാധ്യമായതു കൊണ്ടാണ് ഇന്ധനക്ഷമത ഉയര്‍ത്താന്‍ കഴിഞ്ഞത്. രണ്ടു എയര്‍ബാഗുകളും ഇബിഡിക്കൊപ്പം എബിഎസ് സുരക്ഷയും ISOFIX ഉം പുതിയ ഡിസൈറിലുണ്ട്. ബലേനോയിലാണ് ഇതിനു മുമ്പ് ഈ പ്ലാറ്റ്ഫോം പരീക്ഷിച്ചത്. ഇതുവഴി ബലേനോയുടെ ഇന്ധനക്ഷമത കുത്തനെ ഉയര്‍ത്താന്‍ മാരുതി സുസുക്കിക്ക് കഴിഞ്ഞിരുന്നു. പുതിയ തരം ക്രോമും പകല്‍ സമയത്തേക്കുള്ള എല്‍ഇഡി ഓടു കൂടിയ പ്രൊജക്ടര്‍ ഹെഡ് ലാംപുകളും 15 ഇഞ്ച് അലോയ് വീലുകളും എല്‍ഇഡി ടെയില്‍ലാംപുകളും പുത്തന്‍ സ്റ്റൈല്‍ ബംബറുമൊക്കെയായി എത്തുന്ന ഡിസൈര്‍, പുറംമോടിയില്‍ മാത്രമല്ല, ഇന്റീയറിലും വിസ്മയങ്ങള്‍ ഒളിപ്പിച്ചു വച്ചിട്ടുണ്ട്. ആറു ലക്ഷം രൂപയില്‍ തുടങ്ങി പ്രീമിയം മോഡലിലേക്ക് എത്തുമ്പോള്‍ 9 ലക്ഷം രൂപ വരെയാണ് ഡിസൈറിന്റെ വില.