കുറഞ്ഞ വിലയില്‍ കൊതിപ്പിക്കുന്ന മൈലേജുമായി ഹോണ്ട ക്ലിഖ്

Update: 2018-06-05 03:38 GMT
Editor : Alwyn K Jose
കുറഞ്ഞ വിലയില്‍ കൊതിപ്പിക്കുന്ന മൈലേജുമായി ഹോണ്ട ക്ലിഖ്
Advertising

കുറഞ്ഞ വിലയും കൂടുതല്‍ ഇന്ധനക്ഷമതയും മതി അവരെ ആകര്‍ഷിക്കാന്‍. ഇത് രണ്ടും ക്ലിഖ് വാഗ്ദാനം ചെയ്യുന്നു.

ഇരുചക്രവാഹന വിപണിയില്‍ മറ്റൊരു വിപ്ലവത്തിന് തുടക്കമിടുകയാണ് ഹോണ്ട. ഇത്തവണ ക്ലിഖ് എന്ന കുഞ്ഞന്‍ വാഹനവുമായാണ് ഹോണ്ട കളംപിടിക്കാന്‍ എത്തുന്നത്. മധ്യവര്‍ഗ ഉപഭോക്താക്കള്‍ക്ക് ഒരു സമ്മാനമായിരിക്കും ക്ലിഖ്. കാരണം വേറൊന്നുമല്ല, കുറഞ്ഞ വിലയും കൂടുതല്‍ ഇന്ധനക്ഷമതയും മതി അവരെ ആകര്‍ഷിക്കാന്‍. ഇത് രണ്ടും ക്ലിഖ് വാഗ്ദാനം ചെയ്യുന്നു.

ഡിസൈനില്‍ വ്യത്യസ്തത അവകാശപ്പെടുന്നുണ്ടെങ്കിലും ഹോണ്ടയുടെ തന്നെ നവിയോട് പല സാമ്യതകളും തോന്നുക സ്വാഭാവികം. എന്നാല്‍ പുറംമോടിയില്‍ നവിയെ കടത്തിവെട്ടുന്ന രീതിയിലാണ് ക്ലിഖിനെ ഹോണ്ട അണിയിച്ചൊരുക്കിയിരിക്കുന്നത്. സ്കൂട്ടര്‍ വിപണിയില്‍ ക്ലിഖ് ക്ലിക്ക് ആകുമെന്ന് തന്നെയാണ് ഹോണ്ടയുടെ പ്രതീക്ഷ. കോംബി ബ്രേക്കിങ് സിസ്റ്റവുമായാണ് ക്ലിഖ് എത്തുന്നത്. മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യുന്നതിനുള്ള സോക്കറ്റും ഇതിലുണ്ട്.

ഏറ്റവും ഭാരം കുറഞ്ഞ സ്‌കൂട്ടറുകളിലൊന്നാണ് ക്ലിഖ്. 102 കിലോഗ്രാമാണ് ഭാരം. ഹോണ്ട ആക്ടീവയേക്കാള്‍ എട്ടു കിലോഗ്രാം കുറവാണ് ക്ലിഖിനുള്ളത്. 8 ബിഎച്ച്‍പി കരുത്തില്‍ ഹോണ്ട ആക്ടീവയില്‍ ഉപയോഗിച്ചിരിക്കുന്ന 110 സിസി ഫോര്‍ സ്‌ട്രോക്ക് സിംഗിള്‍ സിലിണ്ടര്‍ എന്‍ജിന്‍ തന്നെയാണ് ക്ലിഖിനും കരുത്തു പകരുന്നത്. 7000 ആര്‍പിഎമ്മില്‍ 8 ബിഎച്ച്പി കരുത്തും 5500 ആര്‍പിഎമ്മില്‍ 8.94 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കും. മണിക്കൂറില്‍ 83 കിലോമീറ്ററാണ് ക്ലിഖിന്റെ പരമാവധി വേഗത. 3.5 ലിറ്ററാണ് ഇന്ധന ടാങ്കിന്റെ ശേഷി.

ലിറ്ററിന് 60 കിലോമീറ്ററാണ് മൈലേജ്. കിക്ക് സ്റ്റാര്‍ട്ടും സെല്‍ഫ് സ്റ്റാര്‍ട്ടും ഇതിലുണ്ട്. 1745 എംഎം നീളവും 695 എംഎം വീതിയും 1039 എംഎം ഉയരവും 1241 വീല്‍ബേസും 154 എംഎം ഗ്രൗണ്ട് ക്ലിയറിന്‍സും വാഹനത്തിനുണ്ട്. അനലോഗ് സ്പീഡോമീറ്ററാണ് ഇതിലുള്ളത്. 45,645 രൂപയാണ് ഡല്‍ഹിയില്‍ ഓണ്‍റോഡ് വില.

Writer - Alwyn K Jose

contributor

Editor - Alwyn K Jose

contributor

Similar News