ബൈക്കിന്റെ വിലയില്‍ കാറുമായി ബജാജ്; വിലയും മൈലേജും വിസ്‍മയിപ്പിക്കും

Update: 2018-06-05 09:19 GMT
Editor : Alwyn K Jose
ബൈക്കിന്റെ വിലയില്‍ കാറുമായി ബജാജ്; വിലയും മൈലേജും വിസ്‍മയിപ്പിക്കും
Advertising

ഇന്ത്യന്‍ വാഹന നിര്‍മാതാക്കളായ ബജാജ് ഓട്ടോയുടെ കുഞ്ഞന്‍ വാഹനം ക്യൂട്ട് സ്വന്തം മണ്ണില്‍ ഓടാന്‍ ഇന്ധനം നിറക്കുന്നു.

ഇന്ത്യന്‍ വാഹന നിര്‍മാതാക്കളായ ബജാജ് ഓട്ടോയുടെ കുഞ്ഞന്‍ വാഹനം ക്യൂട്ട് സ്വന്തം മണ്ണില്‍ ഓടാന്‍ ഇന്ധനം നിറക്കുന്നു. ഇതിനോടകം വിവിധ രാജ്യങ്ങളില്‍ ജനപ്രീതി നേടിയ ക്യൂട്ട്, ഈ വര്‍ഷം അവസാനം ഇന്ത്യന്‍ നിരത്തിലേക്കെത്തുമെന്നാണ് റിപ്പോര്‍ട്ട്. ക്യൂട്ട് ക്വാഡ്രിസൈക്കിള്‍ എന്ന ചെറുകാര്‍ നേരത്തെ തന്നെ ഇന്ത്യന്‍ നിരത്തില്‍ എത്തുമായിരുന്നെങ്കിലും റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട ഒന്നിലേറെ പൊതു താല്‍പര്യ ഹരജികള്‍ കാരണം അവതരപ്പിറവിയെ വൈകിപ്പിക്കുകയായിരുന്നു.

2012 ഓട്ടോ എക്‌സ്‌പോയിലാണ് ക്യൂട്ടിന്റെ പ്രൊഡക്ഷന്‍ മോഡല്‍ കമ്പനി ആദ്യമായി അവതരിപ്പിച്ചത്. നിര്‍മാണം ഇന്ത്യയിലാണെങ്കിലും ഔദ്യോഗികമായി രാജ്യത്ത് ക്യൂട്ട് പുറത്തിറക്കാനുള്ള അനുമതി കമ്പനിക്ക് ഇതുവരെ ലഭിച്ചിരുന്നില്ല. ഇന്ത്യന്‍ വിപണിയില്‍ ഏകദേശം 1.2 ലക്ഷം രൂപയായിരിക്കും ക്യൂട്ടിന്റെ വില. യൂറോപ്യന്‍, ഏഷ്യന്‍, ലാറ്റിനമേരിക്കന്‍, ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ഇതിനോടകം ക്യൂട്ട് സാധാരണക്കാരന്റെ വാഹനമായി മാറിക്കഴിഞ്ഞു. 2,752 എംഎം നീളവും, 1,312 എംഎം വീതിയും, 1,925 എംഎം വീല്‍ബേസും, 1,652 എംഎം ഉയരവുമുള്ള ബജാജ് ക്യൂട്ട് ലോകത്തിലെ ഏറ്റവും ചെറിയ യാത്രാ വാഹനമാണ്. കാറിന്റെ രൂപമാണെങ്കിലും ക്യൂട്ടിനെ ഈ ഗണത്തില്‍ കമ്പനി ഉള്‍പ്പെടുത്തിയിട്ടില്ല. ഫോര്‍വീല്‍ വാഹനമെന്ന വിശേഷണം മാത്രമേ നല്‍കിയിട്ടുള്ളു.

ലോ ബജറ്റ് വാഹനമായതിനാല്‍ ചെലവ് കുറയ്ക്കുന്നതിന്റെ ഭാഗമായി എസി, പവര്‍ സ്റ്റിയറിങ്, പവര്‍ വിന്റോസ്, ഓഡിയോ സിസ്റ്റം എന്നിവ വാഹനത്തില്‍ നല്‍കിയിട്ടില്ല. ഓറഞ്ച്, ചുവപ്പ്, വയലറ്റ്, പച്ച, വെള്ള, കറുപ്പ് എന്നീ ആറ് നിറങ്ങളില്‍ ക്യൂട്ട് ലഭ്യമാകും. 216.6 സിസി സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനാണ് ക്യൂട്ടിന്റെ കരുത്ത്. 0.2 ലിറ്റര്‍ വാട്ടര്‍ കൂള്‍ഡ് സിംഗിള്‍ ഡിജിറ്റല്‍ ട്രിപ്പിള്‍ സ്പാര്‍ക്ക് ഇഗ്‌നീഷ്യന്‍ 4 വാള്‍വ് എന്‍ജിന്‍ 13 ബിഎച്ച്‍പി കരുത്തും 20 എന്‍എം ടോര്‍ക്കുമേകും. അഞ്ച് സ്‍പീഡ് ഗിയര്‍ സംവിധാനമായിരിക്കും ക്യൂട്ടിലുണ്ടാകുക. മണിക്കൂറില്‍ 70 കിലോമീറ്ററാണ് ക്യൂട്ടിന്റെ പരമാവധി വേഗത. ഭാരക്കുറവ് എന്ന ആനുകൂല്യം മുതലെടുത്ത് 36 കിലോമീറ്ററിന്റെ മികച്ച ഇന്ധനക്ഷമതയും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.

Writer - Alwyn K Jose

contributor

Editor - Alwyn K Jose

contributor

Similar News