കൊതിപ്പിക്കുന്ന മൈലേജിലും വിലയിലും പുതിയ സ്വിഫ്റ്റ്
ആള്‍ട്ടോയ്ക്ക് ശേഷം മാരുതി സുസുക്കില്‍ നിന്ന് ഏറ്റവും ജനപ്രീതി നേടിയ മോഡലാണ് സ്വിഫ്റ്റ്.
ആള്‍ട്ടോയ്ക്ക് ശേഷം മാരുതി സുസുക്കില്‍ നിന്ന് ഏറ്റവും ജനപ്രീതി നേടിയ മോഡലാണ് സ്വിഫ്റ്റ്. കാലത്തിനൊത്ത പ്രായാധിക്യം സ്വിഫ്റ്റ് നേരിടുന്നില്ല എന്നതു തന്നെയാണ് ഈ മോഡലിനെ ഇന്നും ജനപ്രിയമാക്കി നിലനിര്‍ത്തുന്നത്. 2005 ല്‍ ഇന്ത്യന്‍ നിരത്തുകളില്‍ ആരെയും ആകര്‍ഷിച്ച് കടന്നെത്തിയ സ്വിഫ്റ്റ് ഒരു ദശാബ്ദത്തിലേറെ നീണ്ട ജൈത്രയാത്രക്കൊടുവില്‍ വീണ്ടും അണിഞ്ഞൊരുങ്ങി എത്തുകയാണ്. ഡല്‍ഹി ഓട്ടോ എക്സ്പോയിലാണ് സ്വിഫ്റ്റിന്റെ പുതിയ മുഖത്തെ അവതരിപ്പിച്ചിരിക്കുന്നത്. 4.99 ലക്ഷം രൂപ മുതല്‍ ടോപ് വേരിയന്റിന് 8.29 ലക്ഷം രൂപ വരെയാണ് പുതിയ സ്വിഫ്റ്റിന്റെ ഡല്‍ഹി എക്സ്ഷോറൂം വില.
പെട്രോളില്‍ LXI, VXI, VXI (AGS), ZXI, ZXI (AGS), ZXI + എന്നിങ്ങനെയുള്ള വകഭേദങ്ങളും ഡീസലില്‍ LDI, VDI, VDI (AGS), ZDI, ZDI (AGS), ZDI+ എന്നീ വേരിയന്റുകളും ലഭ്യമാണ്. 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍ 81 ബിഎച്ച്പി പവറും 113 എന്‍എം ടോര്‍ക്കുമേകുമ്പോള്‍ 1.3 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ 74 ബിഎച്ച്പി പവറും 190 എന്‍എം ടോര്‍ക്കുമാണ് കരുത്തേകുന്നത്. ഡിസൈനില്‍ പുതിയ പരീക്ഷണങ്ങള്‍ പ്രകടമാണ്. മുന്‍ഭാഗത്ത് തന്നെയാണ് മാറ്റങ്ങളുടെ തുടക്കം. ഹെക്സഗണല്‍ ഫ്ലോട്ടിങ് ഗ്രില്ല് പുത്തന്‍ സ്വിഫ്റ്റിന്റെ പ്രധാന ആകര്‍ഷണമാണ്. ഫ്ലോട്ടിങ് റൂഫ് വാഹനത്തിന് പ്രീമിയം ആകാരവും നല്‍കുന്നു. പുതിയ രൂപത്തില്‍ മിനുക്കുപണി നടത്തിയിരിക്കുന്ന ഡാഷ്ബോര്‍ഡ്, സ്റ്റിയറിങ് വീല്‍, ഇന്‍ഫോടെയ്‍ന്‍മെന്റ് സിസ്റ്റം എന്നിവ ക്ലാസിക് ഭംഗിയാണ് നല്‍കുന്നത്. വലുപ്പത്തിലും പുതിയ സ്വിഫ്റ്റ് മുന്നിലാണ്. 3840 എംഎം നീളവും 1530 എംഎം ഉയരവും 1735 എംഎം വീതിയും പുതുമുഖത്തിലുണ്ട്. ഇന്ധനക്ഷമതയാണ് സാധാരണക്കാരെ കൂടുതല്‍ ആകര്‍ഷിക്കുക. പഴയ മോഡലിനേക്കാള്‍ ഏഴു ശതമാനം കൂടുതല്‍ മൈലേജാണ് പുതിയ മോഡലിനുള്ളത്. പെട്രോള്‍ വേരിയന്റില്‍ 22 കിലോമീറ്ററും ഡീസലില്‍ 28.4 കിലോമീറ്ററുമാണ് മൈലേജ്.