കോവിഡിനു ശേഷമുള്ള സാമ്പത്തികമാന്ദ്യം; സഹായത്തിനായി രാജ്യം വിളിച്ചാൽ തിരിച്ചുവരുമെന്ന് രഘുറാം രാജൻ
പഴയകാര്യങ്ങളെല്ലാം മറന്ന് ഇന്ത്യയിലേക്ക് തിരിച്ചുവരാനും സഹായിക്കാനും ആവശ്യപ്പെട്ടാൽ അതിന് സന്നദ്ധമാകുമോ എന്ന പ്രണോയ് റോയ്‍യുടെ ചോദ്യത്തിന് രഘുറാം രാജന്‍ നല്‍കിയ മറുപടി.
കോവിഡ് 19-നെതിരായ പോരാട്ടത്തിൽ തന്നാലാവുന്ന സംഭാവന ചെയ്യാൻ തയ്യാറാണെന്ന് മുൻ റിസർവ് ബാങ്ക് ഗവർണർ രഘുറാം രാജൻ. കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതിനെ തുടർന്നുണ്ടായ സാമ്പത്തികമാന്ദ്യം പരിഹരിക്കുന്നതിന് സർക്കാർ ആവശ്യപ്പെട്ടാൽ സഹായം നൽകാൻ തയ്യാറാണെന്ന് എൻ.ഡി.ടി.വി നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. ലോകം വൻമാന്ദ്യത്തിലേക്കാണ് പോകുന്നതെന്നും കോവിഡിനെ ഏതുവിധത്തിൽ നിയന്ത്രണവിധേയമാക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും സാമ്പത്തികരംഗത്തെ തിരിച്ചുവരവെന്നും അദ്ദേഹം പറഞ്ഞു.
പഴയകാര്യങ്ങളെല്ലാം മറന്ന് ഇന്ത്യയിലേക്ക് തിരിച്ചുവരാനും സഹായിക്കാനും ആവശ്യപ്പെട്ടാൽ അതിന് സന്നദ്ധമാകുമോ എന്ന എൻ.ഡി.ടി.വിയിലെ മുതിർന്ന മാധ്യമപ്രവർത്തകൻ പ്രണോയ് റോയ്‍യുടെ ചോദ്യത്തിന് രഘുറാം രാജന്റെ മറുപടി ഇപ്രകാരമായിരുന്നു:
'ഇതൊരു അടിയന്തരഘട്ടമാണ്. ഇന്ത്യൻ പൗരനെന്ന നിലയിൽ, രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്ന കാര്യങ്ങൾ വളരെ ശ്രദ്ധയോടെ നിരീക്ഷിക്കുകയും വിഷമിക്കുകയും ചെയ്യുന്നയാളാണ് ഞാൻ. ആവശ്യഘട്ടത്തിൽ രാജ്യത്തെ സഹായിക്കാനുള്ള ബാധ്യത ഓരോ പൗരനുമുണ്ട്. അതൊരു പ്രശ്‌നമാണെന്ന ഞാൻ കരുതുന്നില്ല.'
'പ്രശ്‌നം എത്രമാത്രം ഗുരുതരമാണെന്ന് നാം തിരിച്ചറിയുന്നുണ്ടോ എന്നതും ലോക്ക്ഡൗൺ സമയത്ത് എന്തെങ്കിലും പരിഹാരം നമ്മുടെ കൈവശമുണ്ടോ എന്നതുമാണ് വിഷയം. വൈറസിനു മുമ്പുള്ള അവസ്ഥയിലേക്ക് തിരിച്ചുപോവുകയല്ല, കൂടുതൽ മികച്ച ഒരു അവസ്ഥയിലേക്ക് മുന്നേറുകയാണ് നമ്മൾ ചെയ്യേണ്ടത്. അതാണ് ഇന്ന് രാജ്യത്തിന് ആവശ്യം.' - അമേരിക്കയിലെ യൂണിവേഴ്‌സിറ്റി ഓഫ് ചിക്കാഗോ ബൂത്ത് സ്്കൂൾ ഓഫ് ബിസിനസ്സിൽ ധനകാര്യ പ്രൊഫസറായി ജോലി ചെയ്യുന്ന അദ്ദേഹം പറഞ്ഞു.
രാജ്യംവിളിച്ചാൽ തിരിച്ചുവരാൻ സന്നദ്ധമാണോ എന്ന് പ്രണോയ് റോയ് വീണ്ടും ചോദിച്ചപ്പോൾ 'അതെ' എന്നും രഘുറാം രാജൻ മറുപടി നൽകി.