മിനിമം ബാലൻസില്ല; ബാങ്കുകൾ ഊറ്റിയത് 21,000 കോടി രൂപ

അധിക എടിഎം ട്രാൻസാക്ഷൻസ് ഇനത്തിൽ ഈടാക്കിയത് 8000 കോടി രൂപ

Update: 2023-08-09 06:24 GMT
Editor : abs | By : Web Desk
Advertising

മുംബൈ: മിനിമം ബാലൻസ് നിലനിർത്താത്തത്, അധിക എടിഎം വിനിമയം, എസ്എംഎസ് സർവീസ് ചാർജ് തുടങ്ങിയ ഇനത്തിൽ രാജ്യത്തെ ബാങ്കുകൾ ഉപയോക്താക്കളിൽനിന്ന് ഊറ്റിയെടുത്തത് 35,000 കോടി രൂപ. കേന്ദ്ര ധനമന്ത്രാലയം രാജ്യസഭയിലാണ് ഇക്കാര്യം അറിയിച്ചത്. 2018 മുതൽ പൊതുമേഖലാ ബാങ്കുകളും അഞ്ച് പ്രധാന സ്വകാര്യ ബാങ്കുകളുമാണ് പിഴയിനത്തിൽ ഇത്രയും തുക ഈടാക്കിയത്.

അക്കൗണ്ടിൽ മിനിമം ബാലൻസ് ഇല്ലാത്തതിന്റെ പേരിൽ പൊതുമേഖലാ ബാങ്കുകളും സ്വകാര്യ ബാങ്കുകളായ ആക്‌സിസ് ബാങ്ക്, എച്ച്.ഡി.എഫ്.സി ബാങ്ക്, ഇൻഡസ് ഇന്ത്യ ബാങ്ക്, ഐ.സി.ഐ.സി.ഐ ബാങ്ക്, ഐ.ഡി.ബി.ഐ ബാങ്ക് എന്നിവയും ഈടാക്കിയത് 21,000 കോടി രൂപയാണ്. അധിക എടിഎം ട്രാൻസാക്ഷൻസ് ഇനത്തിൽ 8000 കോടി രൂപയും എസ്എംഎസ് സേവന ഇനത്തിൽ 6000 കോടി രൂപയും ശേഖരിച്ചതായി ധനസഹമന്ത്രി ഭഗ്‌വത് കരാട് പാർലമെന്റിനെ അറിയിച്ചു.

മെട്രോകളിൽ 3000 മുതൽ 10000 രൂപ വരെയാണ് വിവിധ ബാങ്കുകളുടെ മിനിമം ബാലൻസ് പരിധി. ഇതിൽ കുറവാണ് എങ്കിൽ നിശ്ചിത തുക ബാങ്ക് ഈടാക്കും. നഗരമേഖലകളിൽ ഇത് 2000 മുതൽ 5000 വരെയും ഗ്രാമീണ മേഖലയിൽ 500 മുതൽ 1000 വരെയുമാണ്. 

സേവിങ്‌സ് ബാങ്കുകളിൽ മിനിമം ബാലൻസ് ഇല്ലെങ്കിൽ പിഴ ചുമത്താമെന്ന റിസർവ് ബാങ്ക് സർക്കുലറിന്റെ അടിസ്ഥാനത്തിലാണ് ബാങ്കുകൾ പണം ഈടാക്കുന്നതെന്ന് മന്ത്രി പറഞ്ഞു. അതേസമയം, പ്രധാൻമന്ത്രി ജൻധൻ യോജ്‌ന പദ്ധതി പ്രകാരം ആരംഭിച്ച അക്കൗണ്ടുകൾക്ക് മിനിമം ബാലൻസ് പരിധിയില്ലെന്നും അദ്ദേഹം അറിയിച്ചു. 

ഒരു ബാങ്ക് അക്കൗണ്ടിൽ നിശ്ചിത സമയത്ത് ഉപഭോക്താവ് ഒരു നിശ്ചിത സംഖ്യ മിനിമം സൂക്ഷിക്കേണ്ടതുണ്ട്. ഇതിനാണ് ആവറേജ് ബാലൻസ് അല്ലെങ്കിൽ മിനിമം ബാലൻസ് എന്നു പറയുന്നത്. ഒരു കാലയളവിലെ പ്രതിദിന ക്ലോസിങ് ബാലൻസുകളുടെ ആകത്തുക ആ കാലയളവിലെ ദിവസങ്ങളുടെ എണ്ണം കൊണ്ട് ഹരിച്ചാണ് മിനിമം ബാലൻസ് കണക്കാക്കുന്നത്.





Tags:    

Writer - abs

contributor

Editor - abs

contributor

By - Web Desk

contributor

Similar News