ഒരാഴ്ചയ്ക്കിടെ 25 ലക്ഷത്തിലധികം പേര്‍ കണ്ട കൃതി യൂ ട്യൂബ് നീക്കം ചെയ്തു

Update: 2018-05-28 09:11 GMT
ഒരാഴ്ചയ്ക്കിടെ 25 ലക്ഷത്തിലധികം പേര്‍ കണ്ട കൃതി യൂ ട്യൂബ് നീക്കം ചെയ്തു
Advertising

ചിത്രത്തിന്റെ പ്രമേയം മോഷ്ടിച്ചതാണെന്ന നേപ്പാളി സംവിധായകന്റെ ആരോപണത്തെ തുടര്‍ന്നാണ് ഹ്രസ്വചിത്രം യു ട്യൂബ് നീക്കം ചെയ്തത്

ശിരിശ് കുന്ദര്‍ സംവിധാനം ചെയ്ത ഹൃസ്വ ചിത്രം കൃതി യു ട്യൂബ് നീക്കം ചെയ്തു. ചിത്രത്തിന്റെ പ്രമേയം മോഷ്ടിച്ചതാണെന്ന നേപ്പാളി സംവിധായകന്റെ ആരോപണം വിവാദമായിരുന്നു. ഇതേതുടര്‍ന്നാണ് ഹ്രസ്വചിത്രം യു ട്യൂബ് നീക്കം ചെയ്തത്.

കഴിഞ്ഞ ആഴ്ചയാണ് ബോളിവുഡ് സംവിധായകന്‍ ശിരിശ് കുന്ദര്‍ സംവിധാനം ചെയ്ത കൃതി എന്ന ഹ്രസ്വചിത്രം യു ട്യൂബില്‍ അപ്‌ലോഡ് ചെയ്തത്. ആദ്യ ദിനം തന്നെ ഹിറ്റായ ചിത്രത്തിനെതിരെ നേപ്പാളി സംവിധായകന്‍ അനീല്‍ നിയൂപാനെ രംഗത്തെത്തിയതോടെയാണ് വിവാദങ്ങള്‍ക്ക് തുടക്കമായത്. 7 മാസങ്ങള്‍ക്ക് മുന്‍പ് പുറത്തിറങ്ങിയ തന്റെ ബോബ് എന്ന ഹൃസ്വ ചിത്രത്തിന്റെ പ്രമേയമാണ് കൃതിക്കായി മോഷ്ടിച്ചതെന്നായിരുന്നു അനീലിന്റെ ആരോപണം. കൃതിക്കെതിരെ അപവാദ പ്രചാരണം നടത്തുകയാണെന്നും മാപ്പ് എഴുതി നല്‍കണമെന്നും ആവശ്യപ്പെട്ട് സംവിധായകന്‍ ശിരിശ് കുന്ദര്‍ ഇന്നലെ അനീലിനെതിരെ വക്കീല്‍ നോട്ടീസ് അയച്ചു. കൃതിയുടെ ചിത്രീകരണം ഫെബ്രുവരിയില്‍ കഴിഞ്ഞതാണെന്നും സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ക്കിടെ മെയിലാണ് ബോബ് യു ട്യൂബില്‍ അ‌പ്‌ലോഡ് ആകുന്നതെന്നും ശിരിശ് കുന്ദര്‍ പറഞ്ഞു. അനീലാണ് പ്രമേയം മോഷ്ടിച്ചതെന്നും ശിരിശ് കുന്ദര്‍ ആരോപിച്ചു.

എന്നാല്‍ യു ട്യൂബില്‍ പുറത്തിറക്കുന്നതിനും 7 മാസം മുന്‍പ് വിമിയോയിലൂടെ ബോബ് റിലീസ് ചെയ്തിരുന്നു എന്നായിരുന്നു അനീലിന്റെ പ്രതികരണം. ആരോപണ പ്രത്യാരോപണങ്ങള്‍ക്കിടെയാണ് അനീലിന്റെ പരാതിയെ തുടര്‍ന്ന് യു ട്യൂബ് ഇന്നലെ രാത്രി കൃതി നീക്കം ചെയ്തത്. ഒരാഴ്ചക്കകം കൃതി യൂ ട്യൂബിലൂടെ കണ്ടത് 25 ലക്ഷത്തിലധികം പേരാണ്.

Tags:    

Similar News