'മതവികാരം വ്രണപ്പെടുത്തി'; സംവിധായക ലീനക്കെതിരെ യു.പി പൊലീസ് എഫ്.ഐ.ആര്‍
നേരത്തെ 'കാളി'യുടെ പോസ്റ്റർ മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് സംഘപരിവാർ സംഘടനകള്‍ ലീനക്കെതിരെ രംഗത്തെത്തിയിരുന്നു
'കാളി' സിനിമ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര അഭ്യന്തര മന്ത്രാലയത്തിൽ പരാതി. ഗോ മഹാസഭയാണ് പരാതി നൽകിയത്. മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് സംവിധായക ലീന മണിമേഖലയ്ക്കെതിരെ യു.പി, ഡൽഹി പൊലീസ് എഫ്.ഐ.ആര്‍ എടുത്തിട്ടുണ്ട്. ലീനക്കെതിരെ ക്രിമിനൽ ഗൂഢാലോചന, മതവികാരം വ്രണപ്പെടുത്തൽ ഉൾപ്പെടെ പത്തോളം വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്.
നേരത്തെ 'കാളി'യുടെ പോസ്റ്റർ മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് സംഘപരിവാർ സംഘടനകളും ലീനക്കെതിരെ രംഗത്തെത്തിയിരുന്നു. പോസ്റ്ററില്‍ ഹിന്ദു ദേവതയായ കാളിയുടെ വസ്ത്രം ധരിച്ച സ്ത്രീ സിഗരറ്റ് വലിക്കുന്നതാണ് ചിത്രീകരിച്ചിരിക്കുന്നത്. ഇവരുടെ കയ്യില്‍ എല്‍.ജി.ബി.ടി.ക്യൂ പ്ലസ് വിഭാഗത്തിന്‍റെ പതാകയും, ത്രിശൂലവും, അരിവാളും കാണാം.
ടൊറന്‍റോയില്‍ താമസിക്കുന്ന മധുര സ്വദേശിയായ ലീനയ്‌ക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പട്ട് ഗോ മഹാസഭ തലവൻ അജയ് ഗൗതമാണ് ഡൽഹി പൊലീസിനും ആഭ്യന്തര മന്ത്രാലയത്തിനും പരാതി നൽകിയത്. എന്നാല്‍ ഒന്നു നഷ്ടപ്പെടാനില്ലെന്നും ഒന്നിനെയും പേടിക്കാതെ സംസാരിക്കുന്നവരുടെ ശബ്ദമാകുമെന്നുമായിരുന്നു ലീനയുടെ പ്രതികരണം. അതിന് ജീവന്‍റെ വിലയാണെ കൊടുക്കേണ്ടി വരുന്നതെങ്കില്‍ അത് നൽകുമെന്നും ലീന ട്വീറ്റ് ചെയ്തു.