റിയാദിലെത്തിയ ഈജിപ്ത് പ്രസിഡന്റിന് രാജകീയ സ്വീകരണം നല്‍കി
റിയാദ് എയര്‍ബേസില്‍ പ്രസിഡന്റിനെ സ്വീകരിക്കാന്‍ സല്‍മാന്‍ രാജാവ് നേരിട്ട് എത്തിയിരുന്നു
ഔദ്യോഗിക സന്ദര്‍ശനത്തിനായി റിയാദിലെത്തിയ ഈജിപ്ത് പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് സീസിക്കും സംഘത്തിനും സൌദി ഭരണകൂടം രാജകീയ സ്വീകരണം നല്‍കി. റിയാദ് എയര്‍ബേസില്‍ പ്രസിഡന്റിനെ സ്വീകരിക്കാന്‍ സല്‍മാന്‍ രാജാവ് നേരിട്ട് എത്തിയിരുന്നു.
റിയാദ് എയര്‍ബേസിലെ സ്വീകരണ ചടങ്ങുകള്‍ക്ക് ശേഷം റോയല്‍ കോര്‍ട്ട് ആസ്ഥാനത്തായിരുന്നു ഔദ്യോഗിക ചടങ്ങുകള്‍ നടന്നത്. രണ്ടാം കീരിടവകാശി അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ സീസിയെ സ്വീകരിച്ചു. വൈകിട്ട് അല്‍യമാമ കൊട്ടാരത്തില്‍ സല്‍മാന്‍ രാജാവുമായി ഈജിപ്ത് പ്രസിഡന്റ് കൂടിക്കാഴ്ച നടത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം ശക്തമാക്കുന്നതിനെക്കുറിച്ചും മേഖലയിലെ രഷ്ട്രീയ, സുരക്ഷ വിഷയങ്ങളും ചര്‍ച്ച ചെയ്തതായി ഔദ്യോഗിക വാര്‍ത്ത ഏജന്‍സി അറിയിച്ചു. ഇറാന്റെ മേഖലയിലെ ഇടപെടല്‍, യമനില്‍ സമാധാനം പുന:സ്ഥാപിക്കാനുള്ള ഈജിപ്ത് കൂടി പങ്കാളിത്തം വഹിക്കുന്ന സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യസേനയുടെ ദൗത്യം, സിറിയ, ഇറാഖ്, ഫലസ്തീന്‍ വിഷയങ്ങളും ചര്‍ച്ചയില്‍ വിഷയയമായതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.