ഒമാന്‍ എയറിന് സ്കൈട്രാക്സ് വേൾഡ് എയർലൈൻ അവാർഡ്
യാത്രികർക്ക് വിമാന ജീവനക്കാർ നൽകുന്ന മികച്ച സേവനത്തിനും പരിചരണത്തിനുമാണ് അംഗീകാരം തേടിയെത്തിയത്
പ്രശസ്തമായ സ്കൈട്രാക്സ് വേൾഡ് എയർലൈൻ അവാർഡിന്റെ തിളക്കത്തിൽ വീണ്ടും ഒമാൻ എയർ. യാത്രികർക്ക് വിമാന ജീവനക്കാർ നൽകുന്ന മികച്ച സേവനത്തിനും പരിചരണത്തിനുമാണ് അംഗീകാരം തേടിയെത്തിയത്. ഈ വിഭാഗത്തിൽ മിഡിലീസ്റ്റിലെ വിമാനകമ്പനികളിൽ ഒന്നാം സ്ഥാനമാണ് ഒമാൻ എയറിന് ലഭിച്ചത്.
യാത്രക്കാരിൽ നിന്നുള്ള വോട്ടെടുപ്പിന്റെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. ഇത് നാലാം തവണയാണ് ഒമാൻ എയറിന് ഈ വിഭാഗത്തിൽ അവാർഡ് ലഭിക്കുന്നത്. യാത്രക്കാർക്ക് ഏറ്റവും ഉയർന്ന നിലവാരത്തിലുള്ള സേവനം ലഭ്യമാക്കുന്നതിനായുള്ള അംഗീകാരമായാണ് വ്യോമയാന മേഖലയിലെ ഏറ്റവും മികച്ച ബഹുമതികളിലൊന്ന് വീണ്ടും തങ്ങളെ തേടിയെത്തിയതെന്ന് ഒമാൻ എയർ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ പോൾ ഗ്രിഗറോവിച്ച് പറഞ്ഞു. വിവിധ മാനദണ്ഡങ്ങൾ വിലയിരുത്തിയുള്ള ലോകത്തിലെ ഏറ്റവും മികച്ച നൂറ് വിമാനകമ്പനികളുടെ പട്ടികയും സ്കൈട്രാക്സ് പുറത്തിറക്കി. ഇതിൽ ഒമാൻ എയറിന് 53 സ്ഥാനമാണ് ഉള്ളത്. എയർലൈൻ വെബ്സൈറ്റ് തുടങ്ങി ബുക്കിങ് സൗകര്യങ്ങൾ,ബാഗേജ് പോളിസി, വിമാനത്താവളത്തിലെയും വിമാനത്തിനുള്ളിലെയും സൗകര്യങ്ങൾ, ജീവനക്കാരുടെ സേവനം തുടങ്ങി അമ്പതോളം മാനദണ്ഡങ്ങൾ പ്രകാരം യാത്രക്കാരിൽ സർവേ നടത്തിയാണ് മികച്ച വിമാന കമ്പനികളെ തെരഞ്ഞെടുക്കുന്നത്.