സൗദിയില്‍ റെന്റ് എ കാര്‍ മേഖലയിലെ ജോലികളില്‍ സ്വദേശികള്‍ക്ക് നീക്കി വെച്ചത് അഞ്ച് വകുപ്പുകള്‍
ഇതര ജോലികളില്‍ വിദേശികള്‍ക്ക് തുടരാന്‍ അനുമതിയുണ്ട്
സൗദിയില്‍ റെന്റ് എ കാര്‍ മേഖലയിലെ ജോലികളില്‍ സ്വദേശികള്‍ക്ക് നീക്കി വെച്ചത് അഞ്ച് വകുപ്പുകളാണെന്ന് തൊഴില്‍ മന്ത്രാലയം. സ്വദേശിവത്കരണം പ്രാബല്യത്തില്‍ വരാന്‍ ആറ് ദിവസം ബാക്കി നില്‍ക്കെയാണ് മന്ത്രാലയത്തിന്റെ വിശദീകരണം. ഇതര ജോലികളില്‍ വിദേശികള്‍ക്ക് തുടരാന്‍ അനുമതിയുണ്ട്.
തൊഴില്‍ മന്ത്രാലയ ഔദ്യോഗിക വക്താവ് ഖാലിദ് അബല്‍ഖൈലാണ് സ്വദേശികള്‍ക്ക് സംവരണം ഏര്‍പ്പെടുത്തിക തസ്തികകള്‍ പ്രസ്താവനയില്‍ വ്യക്തമാക്കിയത്. അക്കൗണ്ട് തസ്തികകള്‍, സൂപ്പര്‍വൈസര്‍, വില്‍പന വിഭാഗം, വാഹനം ഏറ്റെടുക്കല്‍, ഏല്‍പിച്ചു നല്‍കല്‍ എന്നീ തസ്തികകളാണ് സ്വദേശികള്‍ക്ക് പരിമിതപ്പെടുത്തിയത്. ഈ മേഖലയിലെ മറ്റു ജോലികളില്‍ വിദേശികളെ തുടരാന്‍ അനുവദിക്കുമെന്നും മന്ത്രാലയം പ്രഖ്യാപിച്ചു.
മാര്‍ച്ച് 18ന് സ്വദേശിവത്കരണം പ്രാബല്യത്തില്‍ വരുന്നതിന്റെ ഭാഗമായി കഴിഞ്ഞ ദിവസങ്ങളില്‍ മന്ത്രാലയത്തിന്റെ പരിശോധന വിഭാഗം ബോധവത്കരണം നടത്തിയിരുന്നു. കൂടാതെ മന്ത്രാലയത്തിന്റെ മേഖലാ ശാഖകളിലേക്ക് സര്‍ക്കുലറും അയച്ചിട്ടുണ്ട്. സ്വദേശികള്‍ക്ക് സംവരണം ഏര്‍പ്പെടുത്തിയ ജോലികളില്‍ വിദേശികളെ നിയമിച്ചാല്‍ നിയമലംഘനമായി പരിഗണിക്കും. പിഴയും ശിക്ഷയും ലഭിക്കുകയും ചെയ്യുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. നിയമലംഘകരുടെ എണ്ണത്തിനിനുസരിച്ച് പിഴയും ശിക്ഷയും ഇരട്ടിക്കും. കുറ്റം ആവര്‍ത്തിച്ചാലും ഇരട്ടി പിഴയും ശിക്ഷയുമാണ് നല്‍കുക.