അധിക തുക ഈടാക്കാനുള്ള തീരുമാനം; വിശദീകരണവുമായി ഇന്ത്യൻ സ്കൂൾ ഡയറക്ടർ ബോർഡ് ചെയർമാൻ
അനിവാര്യമായ വികസന പ്രവർത്തനങ്ങൾക്കായുള്ള ഫണ്ട് സ്വരൂപിക്കുന്നതിന്റെ ഭാഗമായാണ് തുക ഈടാക്കാൻ തീരുമാനിച്ചതെന്ന് ചെയർമാൻ വിൽസൺ.വി.ജോർജ് 'മീഡിയാവണി'നോട് പറഞ്ഞു
ഒമാനിലെ ഇന്ത്യൻ സ്കൂളുകളിൽ പുതുതായി പ്രവേശനം തേടുന്നവരിൽ നിന്ന് അധിക തുക ഈടാക്കാനുള്ള തീരുമാനത്തിൽ വിശദീകരണവുമായി ഇന്ത്യൻ സ്കൂൾ ഡയറക്ടർ ബോർഡ് ചെയർമാൻ. അനിവാര്യമായ വികസന പ്രവർത്തനങ്ങൾക്കായുള്ള ഫണ്ട് സ്വരൂപിക്കുന്നതിന്റെ ഭാഗമായാണ് തുക ഈടാക്കാൻ തീരുമാനിച്ചതെന്ന് ചെയർമാൻ വിൽസൺ.വി.ജോർജ് 'മീഡിയാവണി'നോട് പറഞ്ഞു.
അടിസ്ഥാന സൗകര്യ വികസന ഫണ്ടിനത്തിൽ ക്യാപിറ്റൽ മേഖലയിലെ സ്കൂളുകളിൽ നൂറ് റിയാലും മറ്റ് പ്രദേശങ്ങളിൽ അമ്പത് റിയാലും തിരികെ ലഭിക്കാത്ത നിക്ഷേപമായി ഈടാക്കാനുള്ള ബോർഡ് തീരുമാനത്തിനെതിരെ വ്യാപക പ്രതിഷേധ മുയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് ബോർഡ് ചെയർമാന്റെ വിശദീകരണം.
സ്കൂളുകളില്‍ കാലാകാലങ്ങളിൽ പുതുക്കി വരുന്ന ഫീസ് ഘടനയാണ് നിലവിലുള്ളത്. ക്യാപിറ്റൽ മേഖലയിലെ സ്കൂളുകളിൽ മൂവായിരത്തിലധികം വിദ്യാർഥികളാണ് വൈകുന്നേരത്തെ ഷിഫ്റ്റിൽ പഠിക്കുന്നത്. ഈ വർഷാവസാനം അൽ അൻസാബിൽ പുതിയ സ്കൂൾ തയാറാവുന്നതോടെ വൈകുന്നേരത്തെ ഷിഫ്റ്റുകൾ ഇല്ലാതാകുമെന്നും വില്‍സണ്‍ വി.ജോര്‍ജ് അറിയിച്ചു.