തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് മലയാളി ബിസിനസ് ഫോറം യൂത്ത് വിംഗ് ചർച്ച സംഘടിപ്പിച്ചു
തെരഞ്ഞെടുപ്പിനെക്കുറിച്ചുള്ള പ്രവാസികളുടെ പ്രതികരണങ്ങൾ കൊണ്ട് സജീവമായിരുന്നു ബഹ്റൈൻ മലയാളി ബിസിനസ് ഫോറം സംഘടിപ്പിച്ച ചർച്ച. സാമൂഹിക സാംസ്കാരിക രംഗങ്ങളിൽ പ്രവർത്തിക്കുന്നവരുടെയും വിവിധ സംഘടനാ പ്രതിനിധികളുടെയും ഒത്തുചേരലായി പരിപാടി മാറി
നിയമസഭാ തെരഞ്ഞെടുപ്പിനെക്കുറിച്ചുള്ള ചർച്ചകൾ ബഹ്റൈനിലെ പ്രവാസികൾക്കിടയിലും സജീവമാകുന്നു. വോട്ടെടുപ്പിനെക്കുറിച്ച് പ്രവാസികൾക്ക് പറയാനുള്ള കാര്യങ്ങൾ പങ്ക് വെച്ച് മലയാളി ബിസിനസ് ഫോറം യൂത്ത് വിംഗ് സംഘടിപ്പിച്ച ചർച്ചാസദസ്സ് ശ്രദ്ധേയമായി.
തെരഞ്ഞെടുപ്പിനെക്കുറിച്ചുള്ള പ്രവാസികളുടെ പ്രതികരണങ്ങൾ കൊണ്ട് സജീവമായിരുന്നു ബഹ്റൈൻ മലയാളി ബിസിനസ് ഫോറം സംഘടിപ്പിച്ച ചർച്ച. സാമൂഹിക സാംസ്കാരിക രംഗങ്ങളിൽ പ്രവർത്തിക്കുന്നവരുടെയും വിവിധ സംഘടനാ പ്രതിനിധികളുടെയും ഒത്തുചേരലായി പരിപാടി മാറി. രാഷ്ട്രീയ വിഷയങ്ങളോടൊപ്പം പ്രവാസികൾ അഭിമുഖീകരികുന്ന വിവിധ പ്രശ്നങ്ങളെക്കുറിച്ചും പരിപാടിയിൽ ചർച്ച നടന്നു.
സീസണിലെ യാത്രാപശ്നങ്ങളും ഉയർന്ന ടിക്കറ്റ് നിരക്ക് കാരണം പ്രവാസികൾ അനുഭവിക്കുന്ന വിഷമതകളും ഉന്നയിക്കപ്പെട്ടു. ഇതോടൊപ്പം ബദൽസാധ്യതകളും പ്രായോഗിക നിർദേശങ്ങളും ചർച്ചയില്‍ പങ്കെടുത്തവർ അവതരിപ്പിച്ചു. ഭരണത്തിൽ വരുന്നവർ പ്രവാസികളുടെ പ്രശ്നങ്ങളോട് പുലർത്തുന്ന നിസംഗതയോടുള്ള പ്രതിഷേധവും ചർച്ചയിൽ ഉയർന്നു.
വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് ഗഫൂർ കൈപ്പമംഗലം, മഹേഷ്, സൈദലവി, ബിൻഷാദ്, ഡോ.ജോർജ് മാത്യു, സിയാദ് ഏഴം കുളം, പങ്കജ്,ബഷീർ അമ്പലായി, സുബൈർ കണ്ണൂർ, മൂസഹാജി നിസാർ തുടങ്ങിയവർ സംസാരിച്ചു. കെ.ടി.സലീം ചർച്ച നിയന്ത്രിച്ചു. പരിപാടിയിൽ റഷീദ് കണ്ണങ്കോട്ട് സ്വാഗതവും ജിത്തു എലൈറ്റ് നന്ദിയും പറഞ്ഞു. ഷമീർ ഹംസ, സവാദ്, ആന്‍റണി, ഇബ്രാഹിം, നിബിൻ ബഷീർ, സനു, അസ്മർ തുടങ്ങിയവർ നേതൃത്വം നൽകി.