സർക്കാർ ജീവനക്കാരുടെ ഹാജർനില രേഖപ്പെടുത്താൻ പഞ്ചിങ് സംവിധാനം കർശനമായി നടപ്പാക്കുമെന്ന് കുവൈത്ത്
ഇക്കാര്യത്തിൽ ആര്‍ക്കും ഇളവ് അനുവദിക്കില്ല
രാജ്യത്ത് സർക്കാർ ജീവനക്കാരുടെ ഹാജർനില രേഖപ്പെടുത്താൻ പഞ്ചിങ് സംവിധാനം കർശനമായി നടപ്പാക്കുമെന്ന് കുവൈത്ത് സിവിൽ സർവീസ് കമ്മീഷൻ. ഇക്കാര്യത്തിൽ ആര്‍ക്കും ഇളവ് അനുവദിക്കില്ല. അതേസമയം, സർക്കാർ വിദ്യാലയങ്ങളിലെ അധ്യാപകർക്ക് തൽക്കാലത്തേക്ക് ഇളവ് നൽകിയിട്ടുണ്ട്.
മറ്റ് വകുപ്പുകളെ അപേക്ഷിച്ച് കൂടുതൽ പഞ്ചിങ് മെഷീനുകൾ ആവശ്യമായ മേഖലയാണ് സ്കൂളുകൾ. ഭൂരിപക്ഷം സ്കൂളുകളിലും ഇപ്പോഴും പഞ്ചിങ് മെഷീനുകൾ സ്ഥാപിച്ചു കഴിഞ്ഞിട്ടില്ല. ഇതിനാൽ മാത്രമാണ് അധ്യാപകർക്ക് ഹാജർനില രേഖപ്പെടുത്താൻ പഴയ രീതി തന്നെ തുടരുന്നത്. എന്നാൽ, ഇത് താൽക്കാലികം മാത്രമാണെന്നും എല്ലാ വിദ്യാലയങ്ങളിലും സംവിധാനം ഒരുക്കുന്നതോടെ വിരലടയാള പഞ്ചിങ് രീതി നിർബന്ധമാക്കുമെന്നും സി.എസ്.സി വ്യക്തമാക്കിയിട്ടുണ്ട്. നിലവിൽ അംഗപരിമിതിയുള്ള ജീവനക്കാർക്ക് മാത്രമാണ് വിരലടയാളം പതിച്ചുകൊണ്ട് ഹാജർ രേഖപ്പെടുത്തുന്നതിൽ ഇളവുള്ളത്. നിയമം നടപ്പാക്കുന്നതിലെ പ്രായോഗിക ബുദ്ധിമുട്ടുകൾ പരിഗണിച്ചാണിത്. ജോലിയിൽ സുതാര്യത വരുത്തുകയും അതിലൂടെ ഖജനാവിന് നഷ്ടം സംഭവിക്കുന്നത് ഇല്ലാതാക്കുകയുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് കുവൈത്ത് സിവിൽ സർവീസ് കമീഷൻ (സി.എസ്.സി) കൂട്ടിച്ചേർത്തു.ഇന്ന് മുതലാണ് രാജ്യവ്യാപകമായി പഞ്ചിംഗ് സംവിധാനം നിയമപ്രകാരം ആരംഭിച്ചത്.