ഫലസ്തീൻ ജനതക്ക് നൽകുന്ന സഹായം വർധിപ്പിക്കുമെന്ന് ബഹ്‌റൈൻ
സമാധാനം സ്ഥാപിക്കാൻ അടിയന്തിര വെടിനിർത്തൽ നടപ്പാക്കണമെന്നും കാബിനറ്റ് യോഗം
ഫലസ്തീൻ ജനതക്ക് നൽകുന്ന സഹായം വർധിപ്പിക്കുമെന്ന് ബഹ്‌റൈൻ. കഴിഞ്ഞ ദിവസം ചേർന്ന ബഹ്റൈൻ മന്ത്രിസഭ യോഗമാണിക്കാര്യം തീരുമാനിച്ചത്. സമാധാനം സ്ഥാപിക്കാൻ അടിയന്തിര വെടിനിർത്തൽ നടപ്പാക്കണമെന്നും കാബിനറ്റ് യോഗം ആവശ്യപ്പെട്ടു
ഫലസ്തീൻ ജനത അനുഭവിച്ചു കൊണ്ടിരിക്കുന്ന പ്രയാസങ്ങൾ ദൂരീകരിക്കാനാവശ്യമായ ചുവടുവെപ്പുകൾ ശക്തമാക്കേണ്ടത് അനിവാര്യമാണ്. ഖുദുസ് കേന്ദ്രമാക്കി സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം രൂപവത്കരിക്കുന്നതടക്കമുളള സമാധാന ശ്രമങ്ങൾ ശക്തമാക്കാനും അടിയന്തിര വെടിനിർത്തൽ നടപ്പാക്കാനും കഴിയണമെന്ന് കാബിനറ്റിൽ അധ്യക്ഷത വഹിച്ച കിരീടാവകാശിയും പ്രധനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ ആവശ്യപ്പെട്ടു.
ഗസ്സയിലെ ജനങ്ങളെ സഹായിക്കാനായി 'ഐക്യദാർഢ്യ ദിനം'സംഘടിപ്പിച്ചതിൻറെ ഫലമായി 16 ദശലക്ഷം ദിനാർ സംഭരിക്കാൻ കഴിഞ്ഞത് നേട്ടമാണ്. ചാരിറ്റി, യുവജന കാര്യങ്ങൾക്കായുള്ള ഹമദ് രാജാവിൻറെ പ്രതിനിധി ശൈഖ് നാസിർ ബിൻ ഹമദ് ആൽ ഖലീഫയുടെ രക്ഷാധികാരത്തിൽ നടന്ന സഹായ സംഭരണ പദ്ധതിയിൽ പങ്കാളികളായ മുഴുവനാളുകൾക്കും അദ്ദേഹം നന്ദി അറിയിച്ചു.