ചരിത്രവിജയമായി 33ാമത് അറബ് ഉച്ചകോടി സമാപിച്ചു

ഫലസ്തീന് പിന്തുണ പ്രഖ്യാപിച്ചും ഇസ്രായേലിൻറെ ക്രൂരതകളെ അപലപിച്ചും ബഹ്‌റൈനിൽ സമാപിച്ച അറബ് ഉച്ചകോടി പൊരുതുന്ന ജനതക്കുള്ള ഐക്യദാർഢ്യമായി മാറി

Update: 2024-05-18 09:18 GMT
Advertising

ചരിത്രവിജയമായി 33ാമത് അറബ് ഉച്ചകോടി സമാപിച്ചു. 22 രാജ്യങ്ങളുടെ ഭരണാധികാരികളുടെ പങ്കാളിത്തത്തോടെ ബഹ്‌റൈനിലെ മനാമയിലാണ് ഉച്ചകോടി നടന്നത്. അറബ് ഉച്ചകോടി വേദിയിലേക്കെത്തിയ ബഹ്‌റൈൻ രാജാവിനും അറബ് രാഷ്ട്രത്തലവന്മാർക്കും ഊഷ്മള സ്വീകരണം ലഭിച്ചു. അറബ് ഉച്ചകോടിയിൽ പങ്കെടുത്ത വിവിധ രാഷ്ട്രത്തലവൻമാർക്ക് ബഹ്‌റൈൻ രാജാവ് നന്ദി അറിയിച്ചു.

ബഹ്‌റൈനിലെ സാഖിർ കൊട്ടാരത്തിലെ ഉച്ചകോടിയുടെ വേദിയിലേക്ക് പുഷ്പങ്ങൾ കൊണ്ടും സ്‌നേഹാഭിവാദ്യങ്ങൾ കൊണ്ടും ഊഷ്മള സ്വീകരണമേറ്റു വാങ്ങിയായിരുന്നു ബഹ്‌റൈൻ രാജാവും അറബ് രാഷ്ട്രത്തലവന്മാരും ആനയിക്കപ്പെട്ടത്. അറബ് ലീഗിൽ അംഗത്വമുള്ള 22 രാജ്യങ്ങളുടെ ഭരണാധികാരികളുടെ സാന്നിധ്യവും പങ്കാളിത്തവും കൊണ്ട് പ്രൗഢമായിരുന്നു ഉച്ചകോടി. ഉച്ചകോടിയിൽ പങ്കെടുക്കാനുള്ള ക്ഷണം സ്വീകരിച്ച അറബ് രാജ്യങ്ങളിലെ നേതാക്കളെയും പ്രതിനിധികളെയും ഹമദ് രാജാവ് അഭിനന്ദിച്ചു. സംയുക്ത അറബ് പ്രവർത്തനം ശക്തിപ്പെടുത്തുന്നതിൽ ഉച്ചകോടി കാരണമാകട്ടെ എന്ന് അദ്ദേഹം ആശംസിച്ചു.

സമ്മേളനത്തിന് ആതിഥേയത്വം വഹിക്കാൻ ബഹ്‌റൈന് സാധിച്ചത് അഭിമാനാർഹമാണെന്ന് വിദേശകാര്യമന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാശിദ് അൽ സയാനി. പറഞ്ഞു. കൃത്യമായ വിവരങ്ങൾ നൽകി സമ്മേളനത്തെ യഥോചിതം ലോകസമക്ഷം അവതരിപ്പിച്ച മാധ്യമപ്രവർത്തകർക്ക് നന്ദി പറയുന്നതായും അദ്ദേഹം പറഞ്ഞു. മരണപ്പെട്ട കുവൈത്ത് അമീർ ശൈഖ് നവാഫ് അൽ അഹ്‌മ് അൽ ജാബിർ അസ്സബാഹിന് ഉച്ചകോടിയിൽ അനുശോചനമർപ്പിക്കുകയും പുതിയ അമീർ ശൈഖ് മിശ്അൽ അഹ്‌മദ് അൽ ജാബിർ അസ്സബാഹിന് ആശംസകൾ നേരുകയും ചെയ്തു. 32 മത് ഉച്ചകോടിക്ക് നേതൃത്വം നൽകിയ സൗദി അറേബ്യ അറബ് ഐക്യത്തിനായി നടത്തിയ ശ്രമങ്ങൾക്ക് പ്രത്യേകം നന്ദി പ്രകാശിപ്പിച്ചു.

ഫലസ്തീന് പിന്തുണ പ്രഖ്യാപിച്ചും ഇസ്രായേലിൻറെ ക്രൂരതകളെ അപലപിച്ചും ബഹ്‌റൈനിൽ സമാപിച്ച അറബ് ഉച്ചകോടി പൊരുതുന്ന ജനതക്കുള്ള ഐക്യദാർഢ്യമായി മാറി. സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രത്തിന് വേണ്ടിയുള്ള ശ്രമങ്ങൾ ശക്തമാക്കേണ്ട സമയമാണിതെന്ന പ്രഖ്യാപനത്തോടെയാണു ഉച്ചകോടി സമാപിച്ചത്.

ഫലസ്തീൻ ജനതക്ക് പൂർണ സ്വാതന്ത്ര്യത്തോടെയും സുരക്ഷയോടെയും സ്വന്തം നാട്ടിൽ ജീവിക്കാൻ അവകാശമുണ്ടെന്നുമുള്ള ഉറച്ച പ്രഖ്യാപനമാണു അറബ് ഉച്ചകോടിയിൽ ഉണ്ടായത്. രണ്ടര ദശലക്ഷത്തോളം മനുഷ്യരെ സ്വസ്ഥമായി ജീവിക്കാനനുവദിക്കാത്ത സാഹചര്യമാണ് ഫലസ്തീനിലുള്ളതെന്നും സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രത്തിന് വേണ്ടിയുള്ള ശ്രമങ്ങൾ ശക്തമാക്കേണ്ട സമയമാണിതെന്നും ബഹ്‌റൈനിലെ സഖീർ കൊട്ടാരത്തിൽ നടന്ന അറബ് ഉച്ചകോടിയുടെ പ്രഖ്യാപനം അന്താരാഷ്ട്ര സമൂഹത്തെ ഓർമിപ്പിച്ചു. റഫയിലെ ഇസ്രായേൽ അതിക്രമത്തെയും അറബ് രാഷ്ട്രത്തലവന്മാർ അപലപിച്ചു. പ്രയാസമനുഭവിക്കുന്ന മനുഷ്യർക്ക് സഹായമെത്തിക്കുന്നതിന് തടസ്സം സൃഷ്ടിക്കുന്ന ഇസ്രായേൽ നടപടി തീർത്തും അപലപനീയമാണ്. യു.എന്നിന്റെ സഹകരണത്തോടെ പ്രയാസമനുഭവിക്കുന്ന ഫലസ്തീനികൾക്ക് സഹായമെത്തിക്കാനുള്ള ശ്രമങ്ങൾക്ക് ആക്കം കൂട്ടണമെന്നും ഉച്ചകോടി ആവശ്യപ്പെട്ടു.

ഗസ്സയിലെ ഇസ്രായേൽ ക്രൂരത അവസാനിപ്പിക്കുന്നതിന് വേണ്ടിയുള്ള ശ്രമങ്ങൾ തുടരുന്നതിനും അറബ് രാഷ്ട്രത്തലവന്മാരുടെ ഒത്തുചേരലിൽ തീരുമാനമുണ്ടായി. അടിയന്തിര വെടി നിർത്തലിനും ഗസ്സയിൽ നിന്നും മുഴുവൻ ഇസ്രായേൽ സേനയും ഒഴിയണമെന്നും ആവശ്യപ്പെട്ടു. മേഖലയുടെ സമാധാനത്തിന് ഫലസ്തീൻ പ്രശ്‌ന പരിഹാരമല്ലാതെ മറ്റു വഴിയില്ലെന്ന് ഓർമിപ്പിക്കുകയും സമാധാനത്തിൻറെയും നയതന്ത്രജ്ഞതയുടെയും മാർഗത്തിലൂടെ ഫലസ്തീൻ പ്രശ്‌നപരിഹാരത്തിന് ശ്രമങ്ങൾ കൂടുതൽ ശക്തമാക്കണമെന്നും ഇക്കാര്യത്തിൽ ഫലസ്തീൻ പ്രസിഡൻറ് മഹ്‌മൂദ് അബ്ബാസിന്റെ അഭ്യർഥനയെ പൂർണമായും പിന്തുണക്കുന്നതായും അറബ് നേതാക്കൾ വ്യക്തമാക്കി. യു.എന്നിൽ ഫലസ്തീന് പൂർണാംഗത്വം ലഭിക്കുന്നതിനുള്ള തീരുമാനത്തെ ഉച്ചകോടി സ്വാഗതം ചെയ്തു. ഫലസ്തീൻ ജനതക്ക് അംഗീകാരവും ആദരവും സ്വതന്ത്രമായി ജീവിക്കാനുള്ള അവകാശവും വകവെച്ചു കൊടുക്കാൻ സന്നദ്ധമാകണമെന്നും ഓർമിപ്പിച്ചു.


Full View


Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News