കുവൈത്തിൽ ജലീബ് അൽ ശുയൂഖ് പ്രദേശത്തെ പ്രശ്‌നങ്ങൾ പഠിക്കാൻ സർക്കാർ തലത്തിൽ വീണ്ടും ശ്രമങ്ങൾ ആരംഭിച്ചു
ജലീബിൽ നിന്ന് ആളുകളെ മാറ്റിപ്പാർപ്പിക്കുന്നതിനായി പുതിയ സ്ഥലം കണ്ടെത്തി ഭവന ക്ഷേമ അതോറിറ്റിയുടെ സഹകരണത്തോടെ പാർപ്പിട പദ്ധതികൾ ആവിഷ്‌കരിക്കുക എന്ന നിർദേശം ഗൗരവമായി പരിഗണിക്കുന്നുണ്ട്
ജലീബ് അൽ ശുയൂഖ് പ്രദേശത്തെ സുരക്ഷ, പരിസ്ഥിതി, അടിസ്ഥാന സൗകര്യം, ജനസാന്ദ്രത തുടങ്ങിയ പ്രശ്‌നങ്ങൾ പരിഹരിക്കാൻ വീണ്ടും ചർച്ചകൾ ആരംഭിച്ചു. കഴിഞ്ഞ ദിവസം മുനിസിപ്പൽ കാര്യ മന്ത്രി ഡോ. റന അൽ ഫാരിസിന്റെ നേതൃത്തിൽ ചേർന്ന യോഗം പുതിയ നിർദേശങ്ങൾ വിലയിരുത്തി. ജലീബിൽ നിന്ന് ആളുകളെ മാറ്റിപ്പാർപ്പിക്കുന്നതിനായി പുതിയ സ്ഥലം കണ്ടെത്തി ഭവന ക്ഷേമ അതോറിറ്റിയുടെ സഹകരണത്തോടെ പാർപ്പിട പദ്ധതികൾ ആവിഷ്‌കരിക്കുക എന്ന നിർദേശം ഗൗരവമായി പരിഗണിക്കുന്നുണ്ട്.
1400 സ്വകാര്യ ഭവനങ്ങൾ ഉൾക്കൊള്ളുന്ന അഞ്ച് സ്ഥലങ്ങൾ കണ്ടെത്താനാണ് നീക്കം. സമാന്തര വിപണി, വൈദ്യുതി മോഷണം, സ്വദേശി താമസ മേഖലയിൽ വിദേശി ബാച്ചിലർമാരുടെ താമസം തുടങ്ങിയ പ്രശ്‌നങ്ങളും യോഗം ചർച്ച ചെയ്തു. ശദാദിയ സർവകലാശാല, കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം എന്നിവക്ക് സമീപമുള്ള തന്ത്രപ്രധാന പ്രദേശം എന്ന നിലയിൽ ജലീബിനെ ചേരിക്ക് സമാനമായ വിദേശികളുടെ താമസകേന്ദ്രമായി തുടരാൻ അനുവദിക്കരുതെന്നാണ് തീരുമാനം.
പ്രദേശത്ത് താമസിക്കുന്ന വിദേശ തൊഴിലാളികളെ ഒഴിപ്പിച്ച് സർക്കാർ നിർമ്മിക്കുന്ന ലേബർ സിറ്റിയിലേക്ക് മാറ്റാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാൽ, ലേബർ സിറ്റി നിർമാണം എങ്ങുമെത്തിയില്ല. നഗരാസൂത്രണ ഉപമേധാവി മുഹമ്മദ് അൽ സൗബി, എൻജിനീയർ അബ്ദുല്ല അൽ അക്ഷൻ തുടങ്ങിയവരും യോഗത്തിൽ സംബന്ധിച്ചു.