ഒമിക്രോൺ; ഒമാനിൽ കർശന ജാഗ്രതാ നിർദേശം
വൈറസ് ബാധ കൂടുതലുള്ള ഏഴ് രാജ്യങ്ങളിൽനിന്ന് വരുന്നവർക്ക് ഒമാനിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
ഒമിക്രോൺ ഒമാനിൽ റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും ആരോഗ്യ സുരക്ഷ മാനദണ്ഡങ്ങൾ പൂർണമായി പാലിക്കണമെന്ന് ആരോഗ്യ വിദഗ്ധർ. സൗദി അറേബ്യ, യു.എ.ഇ അടക്കം 30 രാജ്യങ്ങളിൽ ഒമിക്രോൺ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് മുന്നറിയിപ്പ് .
പൊതുജനങ്ങൾ രോഗ ബാധിതരുമായി ബന്ധപ്പെടുന്നത് ഒഴിവാക്കണമെന്നും ഒത്തുകൂടലുകളും കൂട്ടം ചേരലുകളും മാറ്റിവെക്കണമെന്നും സുൽത്താൻ ഖാബൂസ് യൂനിവേഴ് സിറ്റി ആശുപത്രിയിലെ പകർച്ചവ്യാധി വിഭാഗം ഡോക്ടറായ സൈദ് ഹൽ ഹിനായ് ആവശ്യപ്പെട്ടു. എല്ലാ മേഖലകളിലും സാമൂഹിക അകലം പാലിക്കണമെന്നും വാക്സിനേഷൻ പൂർണമായി എടുക്കണമെന്നും വിദഗ്ദർ ആവശ്യപ്പെടുന്നു.
നിലവിൽ രോഗബാധയുള്ള രാജ്യങ്ങളിൽനിന്നെത്തുന്നവരെ ആരോഗ്യ മന്ത്രാലയം സൂക്ഷ്മമായി നിരീക്ഷിച്ച് വരുകയാണ്. വൈറസ് ബാധ കൂടുതലുള്ള ഏഴ് രാജ്യങ്ങളിൽനിന്ന് വരുന്നവർക്ക് ഒമാനിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയിൽ പുതിയ വകഭേദം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ഒമാൻ എന്ത് നിലപാടാണ് എടുക്കുക എന്നത് വിഷയവും പ്രവാസികൾ സൂക്ഷ്മമായി വിലയിരുത്തുന്നുണ്ട്.