സംയുക്ത നിക്ഷേപം പ്രോത്സാഹിപ്പിക്കാൻ ഒമാന്‍ - സൗദി ധാരണ
ഒമാൻ വിഷൻ 2040ഉം സൗദി വിഷൻ 2030ഉം പ്രകാരം പ്രത്യേക പങ്കാളിത്തവും വളർത്തിയെടുക്കും.
സംയുക്ത നിക്ഷേപം പ്രോത്സാഹിപ്പിക്കാൻ ഒമാനും സൗദിയും ധാരണയായി. മസ്കത്തിൽ ഇന്ന് നടന്ന ഒമാൻ-സൗദി നിക്ഷേപക ഫോറത്തിൽ ഇത് സംബന്ധിച്ച ധാരണാപത്രം ഒപ്പുവച്ചു.
ഒമാൻ-സൗദി നിക്ഷേപക ഫോറത്തിൽ ഒമാൻ വാണിജ്യ-വ്യവസായ-നിക്ഷേപക പ്രോത്സാഹന വകുപ്പ് മന്ത്രി ഖൈസ് ബിൻ മുഹമ്മദ് അൽ യൂസുഫും സൗദി നിക്ഷേപ വകുപ്പ് മന്ത്രി എഞ്ചിനീയർ ഖാലിദ് ബിൻ അബ്ദുൽ അസീസ് അൽ ഫാലിഹുമാണ് ധാരണാപത്രം ഒപ്പുവെച്ചത്.
ഇരു രാജ്യങ്ങളിലെയും സർക്കാർ, സ്വകാര്യ മേഖലകൾ തമ്മിലുള്ള സാമ്പത്തികവും വാണിജ്യപരവുമായ സഹകരണം വർധിപ്പിക്കാൻ ലക്ഷ്യമിട്ടാണ് ഫോറം സംഘടിപ്പിച്ചത്.
വാണിജ്യ സഹകരണം വർധിപ്പിക്കുന്നതിനൊപ്പം പരിചയ സമ്പത്ത് കൈമാറുക, ഒമാൻ വിഷൻ 2040ഉം സൗദി വിഷൻ 2030ഉം പ്രകാരം പ്രത്യേക പങ്കാളിത്തം വളർത്തിയെടുക്കുക തുടങ്ങിയവയും ലക്ഷ്യങ്ങളാണ്.
അൽ വുസ്ത ഗവർണറേറ്റിലെ അൽ ജാസറിൽ ചെമ്മീൻ കൃഷി സംരംഭം തുടങ്ങാനും കരാർ ഒപ്പിട്ടു. കാർഷിക-ഫിഷറീസ് മന്ത്രിയുമായും സൗദി സംഘം കൂടികാഴ്ച നടത്തി. ഭക്ഷ്യ സുരക്ഷയടക്കം വിഷയങ്ങൾ കൂടികാഴ്ചയിൽ ചർച്ച ചെയ്തു.