ടാന്‍സാനിയന്‍ പ്രസിഡന്റ് ഒമാനുമായി വിവിധ കരാറുകളില്‍ ഒപ്പുവെച്ചു
താന്‍സാനിയന്‍ പ്രസിഡന്റ് സമിയ സുലുഹു ഹസന്റെ ഒമന്‍ സന്ദര്‍ശനത്തിന്റെ ഭാഗമായി ഇരുരാജ്യങ്ങളും തമ്മില്‍ വിവിധ കരാറുകളില്‍ ഒപ്പുവെച്ചു. ഊര്‍ജം, വിനോദസഞ്ചാരം, പ്രകൃതിവിഭവങ്ങള്‍, ഉന്നതവിദ്യാഭ്യാസം-പരിശീലനം, ദേശീയ മ്യൂസിയങ്ങള്‍ തുടങ്ങി ആറ് കരാറുകളിലാണ് ഒപ്പുവെച്ചിരിക്കുന്നത്.
ഒമാന്‍ ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി, ടാന്‍സാനിയ ചേംബര്‍ ഓഫ് കൊമേഴ്സ്, ഇന്‍ഡസ്ട്രി ആന്‍ഡ് അഗ്രികള്‍ച്ചര്‍, സാന്‍സിബാര്‍ നാഷണല്‍ ചേംബര്‍ ഓഫ് കൊമേഴ്സ് എന്നിവ തമ്മില്‍ ത്രികക്ഷി കരാറിലും എത്തിയിട്ടുണ്ട്. ഇരാരാജ്യങ്ങള്‍ക്കുമായി ഒരു നിക്ഷേപ ഫണ്ട് സ്ഥാപിക്കാന്‍ തീരുമാനമായിട്ടുണ്ടെന്നും കൃഷി, മത്സ്യബന്ധനം, ഖനനം തുടങ്ങി നിരവധി മേഖലകളില്‍ നിക്ഷേപം നടത്തുമെന്നും വിദേശകാര്യ മന്ത്രി സയ്യിദ് ബദര്‍ ബിന്‍ ഹമദ് അല്‍ ബുസൈദി പറഞ്ഞു.
താന്‍സാനിയന്‍ പ്രസിഡന്റ് നാഷനല്‍ മ്യൂസിയവും ഒമാനി കാന്‍സര്‍ സൊസൈറ്റിയിലെ ദാര്‍ അല്‍ ഹനാനിലും സന്ദര്‍ശിച്ചു. സൊസൈറ്റിയുടെ പ്രവര്‍ത്തനങ്ങളെയും ദാര്‍ അല്‍ ഹനാന്‍ നല്‍കുന്ന സേവനങ്ങളെയും അവര്‍ക്ക് പരിചയപ്പെടുത്തി. വിദ്യാര്‍ഥികളുമായി സമിയ സുലുഹു ഹസ്സന്‍ ഏറെ നേരം ചെലവഴിച്ചു.