ഒമിക്രോൺ: നൈജീരിയയിലേക്കും സൗദി വിമാന സർവീസുകൾ നിർത്തിവെച്ചു
ഇവിടെ നിന്നും വരുന്ന വിദേശികൾ യാത്ര വിലക്കില്ലാത്ത രാജ്യത്ത് 14 ദിവസം കഴിയണം. സൗദിയിലെത്തിയാൽ അഞ്ച് ദിവസം ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിൽ കഴിയണമെന്നും വ്യവസ്ഥയുണ്ട്.
കോവിഡ് വൈറസിന്റെ ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചതോടെ നൈജീരിയയിലേക്കും തിരിച്ചുമുള്ള വിമാന സർവ്വീസുകൾ താൽക്കാലികമായി നിർത്തി വെച്ചതായി സൗദി സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു. ഇവിടെ നിന്നും വരുന്ന വിദേശികൾ യാത്ര വിലക്കില്ലാത്ത രാജ്യത്ത് 14 ദിവസം കഴിയണം. സൗദിയിലെത്തിയാൽ അഞ്ച് ദിവസം ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിൽ കഴിയണമെന്നും വ്യവസ്ഥയുണ്ട്. ഇതോടെ ഒമിക്രോൺ വ്യാപനത്തെ തുടർന്ന് സൗദി വിമാന സർവ്വീസുകൾക്ക് വിലക്കേർപ്പെടുത്തിയ ആഫ്രിക്കൻ രാജ്യങ്ങളുടെ എണ്ണം പതിനഞ്ചായി.
പ്രവേശന വിലക്കുള്ള രാജ്യങ്ങളിൽ നിന്ന് വരുന്നവർ സ്വദേശികളാണെങ്കിൽ അഞ്ച് ദിവസം, ഹോം ക്വാറന്റൈനിലാണ് കഴിയേണ്ടത്. കൂടാതെ സ്വദേശികളാണെങ്കിലും വിദേശികളാണെങ്കിലും സൗദിയിലെത്തി ആദ്യ ദിവസവും അഞ്ചാം ദിവസവും പി.സി.ആർ പരിശോധന നടത്തണമെന്നും വ്യവസ്ഥയുണ്ട്. ഇക്കാര്യത്തിൽ വാക്സിനെടുത്തവർക്ക് പ്രത്യേകമായ ഇളവുകളൊന്നും ഇല്ല.