ഇസ്രായേൽ ആക്രമണം: കൊല്ലപ്പെട്ട കുരുന്നുകൾക്ക് ഐക്യദാർഢ്യവുമായി ഖത്തറിൽ കുട്ടികളുടെ സംഗമം
എജ്യുക്കേഷന്‍ എബൗ ആള്‍ ഫൗണ്ടേഷന്റെ നേതൃത്വത്തിലാണ് 'ചില്‍ഡ്രന്‍ എബൗ ആള്‍' എന്ന പരിപാടി സംഘടിപ്പിച്ചത്
ദോഹ: ഗസ്സയില്‍ ഇസ്രായേലിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ട കുരുന്നുകള്‍ക്ക് ഐക്യദാര്‍ഢ്യവുമായി ഖത്തറില്‍ കുട്ടികളുടെ സംഗമം. എജ്യുക്കേഷന്‍ എബൗ ആള്‍ ഫൗണ്ടേഷന്റെ നേതൃത്വത്തിലാണ് ചില്‍ഡ്രന്‍ എബൗ ആള്‍ എന്ന പരിപാടി സംഘടിപ്പിച്ചത്.
ഗസ്സയില്‍ പൊലിഞ്ഞ ആറായിരത്തിലേറെ കുഞ്ഞുങ്ങളുടെ ഓര്‍മകളുമായി സ്വദേശികളും പ്രവാസികളും അടക്കമുള്ളവര്‍ ഖത്തര്‍ ഫൗണ്ടേഷനിലെ എജ്യുക്കേഷന്‍ സിറ്റിയിലുള്ള ഓക്സിജന്‍ പാര്‍ക്കില്‍ ഒഴുകിയെത്തി. 'ഫ്രം ദി റിവർ ടു ദി സീ, ഫലസ്തീൻ വിൽ ബി ഫ്രീ' എന്ന മുദ്രാവാക്യവും പ്ലക്കാര്‍ഡുകളുമായാണ് കുട്ടികള്‍ സംഗമത്തിനെത്തിയത്.
ഫലസ്തീന്‍ ദേശീയ പതാകയും, ഫലസ്തീൻ ചെറുത്തുനിൽപ് പോരാട്ടത്തിന്റെ പ്രതീകമായ കഫിയ്യ തലപ്പാവും ധരിച്ച് അവര്‍ ഫലസ്തീനിലെ കുരുന്നുകളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു. ബോംബിങ്ങിൽ തകർന്ന ഇഎഎയുടേത് അടക്കമുള്ള വിദ്യാലയങ്ങളുടെയും മരിച്ചുവീണ കുട്ടികളുടെയും ഓർമയിൽ പ്രതീകാത്മക ക്ലാസ് റൂമുകളൊരുക്കി അവര്‍ അകലങ്ങളിലെ കൂട്ടുകാരെ സ്മരിച്ചു.
പെയിന്റിങ് കാലിഗ്രഫി, കായിക മത്സരങ്ങള്‍, തുടങ്ങി വൈവിധ്യമാര്‍ന്ന പരിപാടികള്‍ കുട്ടികള്‍ക്കായി ഒരുക്കിയിരുന്നു. ഗസ്സയില്‍ പൊലിഞ്ഞവരുടെ ഓര്‍മയ്ക്കായി സംഘടിപ്പിച്ച സമാധാന റാലിയില്‍ നൂറുകണക്കിനാളുകള്‍ പങ്കെടുത്തു. ഖത്തര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര വിദ്യാഭ്യാസ സംരക്ഷണ ഏജന്‍സിയാണ് സംഘാടകരായ എജ്യുക്കേഷന്‍ എബൗ ആള്‍. സംഘടനയുടെ ഗസ്സയിലെ സ്കൂള്‍ ഇസ്രായേല്‍ ബോംബിട്ട് തകര്‍ത്തിരുന്നു.