ഖത്തറിലെ കൗമാര ലോകകപ്പ് തീയതി പ്രഖ്യാപിച്ചു
അടുത്ത വർഷം നവംബർ അഞ്ച് മുതൽ 27 വരെയാണ് ടൂർണമെന്റ്
ദോഹ: ഖത്തർ വേദിയൊരുക്കുന്ന അണ്ടർ 17 കൗമാര ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു. അടുത്ത വർഷം നവംബർ അഞ്ച് മുതൽ 27 വരെയാണ് ടൂർണമെന്റ് നടക്കുന്നത്. ഫിഫ കൗൺസിൽ തീരുമാനം പ്രസിഡന്റ് ജിയാനി ഇൻഫന്റിനോയാണ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
ചരിത്രത്തിലെ ഏറ്റവും മികച്ച ഫുട്‌ബോൾ ലോകകപ്പ് നടത്തി ലോകത്തിന്റെ കയ്യടി നേടിയാണ് ഖത്തർ കൗമാര പോരിന് ഒരുങ്ങുന്നത്. 2025 മുതൽ 2029 വരെയുള്ള അഞ്ച് അണ്ടർ 17 ലോകകപ്പുകളുടെ സ്ഥിരം വേദിയായി ഈ വർഷം ആദ്യത്തിൽ ഫിഫ ഖത്തറിനെ തിരഞ്ഞെടുത്തിരുന്നു. നേരത്തെ രണ്ടു വർഷത്തിൽ ഒരിക്കൽ നടത്തിയിരുന്ന കൗമാര മേള ആദ്യമായാണ് വാർഷിക ടൂർണമെന്റായി മാറുന്നത്. ടീമുകളുടെ എണ്ണം 24ൽ നിന്നും 48 ആയും ഉയർത്തിയിട്ടുണ്ട്.
2022 ലോകകപ്പ് ഫുട്ബാളിന് വേദിയായ എട്ട് സ്റ്റേഡിയങ്ങളും മറ്റു അടിസ്ഥാന സൗകര്യങ്ങളും ഖത്തറിന് കൗമാര ലോകകപ്പിലൂടെ വീണ്ടും ഉപയോഗപ്പെടുത്താൻ കഴിയും. 2023 നവംബർ -ഡിസംബറിലായി ഇന്തോനേഷ്യയിലായിരുന്നു ഏറ്റവും ഒടുവിലായി അണ്ടർ 17 ലോകകപ്പ് നടന്നത്.