​ഗസ്സയിലെ ആശുപത്രി; ഇസ്രായേല്‍ ആരോപണം നിഷേധിച്ച് ഖത്തര്‍; തെളിവില്ലാതെ ആക്ഷേപങ്ങള്‍ ഉന്നയിക്കരുത്

ഗസ്സയിലെ ആശുപത്രികളിലും സ്കൂളുകളിലും ബോംബിട്ട് കിരാതമായ കൂട്ടക്കൊല തുടരുന്നതിനിടെയാണ് ഇസ്രായേല്‍ സൈനിക വക്താവ് ശൈഖ് ഹമദ് ആശുപത്രിക്ക് നേരെയും ആരോപണം ഉന്നയിച്ചത്.

Update: 2023-11-07 19:07 GMT
Advertising

ദോഹ: ഗസ്സയില്‍ ഖത്തര്‍ നിര്‍മിച്ച ശൈഖ് ഹമദ് ആശുപത്രിയില്‍ തുരങ്കങ്ങളുണ്ടെന്ന ഇസ്രായേലിന്റെ ആക്ഷേപം തള്ളി ഖത്തര്‍. കൃത്യമായ തെളിവുകളും സ്വതന്ത്രമായ അന്വേഷണങ്ങളും നടത്താതെയാണ് ഇസ്രായേല്‍ ആരോപണം ഉന്നയിക്കുന്നതെന്ന് ഖത്തര്‍ പറഞ്ഞു.

ഗസ്സയിലെ ആശുപത്രികളിലും സ്കൂളുകളിലും ബോംബിട്ട് കിരാതമായ കൂട്ടക്കൊല തുടരുന്നതിനിടെയാണ് ഇസ്രായേല്‍ സൈനിക വക്താവ് ശൈഖ് ഹമദ് ആശുപത്രിക്ക് നേരെയും ആരോപണം ഉന്നയിച്ചത്. സാധാരണക്കാരെ ഉന്നംവച്ചുള്ള ആക്രമണങ്ങള്‍ക്കുള്ള ന്യായീകരണമാണ് ഇത്തരം ആക്ഷേപങ്ങളെന്ന് ഗസ്സ പുനര്‍നിര്‍മാണത്തിനുള്ള ഖത്തര്‍ കമ്മിറ്റിയുടെ ചെയര്‍മാന്‍ കൂടിയായ ഗസ്സയിലെ ഖത്തര്‍ അംബാസഡര്‍ മുഹമ്മദ് അല്‍ ഇമാദി പറഞ്ഞു.

അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ പാലിച്ച് തീര്‍ത്തും സുതാര്യമായാണ് ഗസ്സയിലെ ആശുപത്രി നിര്‍മിച്ചത്. കെട്ടിടത്തിന് ഇസ്രായേലിന്റെ അം​ഗീകാരവും ലഭിച്ചിരുന്നു. യാതൊരു അടിസ്ഥാനവുമില്ലാതെയാണ് ഇസ്രായേല്‍ ആക്ഷേപം ഉന്നയിക്കുന്നത്. സാധാരണക്കാരായ ജനങ്ങള്‍ക്കുമേല്‍ ബോംബിടാന്‍ ഇതൊരു ന്യായമായി ഉപയോഗിക്കരുത്.

ആശുപത്രികള്‍ക്കും ആംബുലന്‍സുകള്‍ക്കും നേരെ തുടര്‍ച്ചയായി നടത്തുന്ന ആക്രമണങ്ങള്‍ക്കെതിരെ അന്താരാഷ്ട്ര സമൂഹം രംഗത്തിറങ്ങണമെന്നും മുഹമ്മദ് അല്‍ ഇമാദി ആവശ്യപ്പെട്ടു. ഖത്തര്‍ ഫണ്ട് ഫോര്‍ ഡെവലപ്മെന്റാണ് ആയിരങ്ങള്‍ക്ക് ആശ്രയമായ ഗസ്സയിലെ ശൈഖ് ഹമദ് ആശുപത്രി നിര്‍മിച്ചത്.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News