ആഫ്രിക്കൻ മേഖലയിൽ വീണ്ടും എണ്ണ പര്യവേക്ഷണത്തിനൊരുങ്ങി ഖത്തർ
2020 മുതൽ ഖത്തർ എനർജിയുടെ പര്യവേക്ഷണങ്ങൾ സജീവമാണ്
ദോഹ:ആഫ്രിക്കൻ മേഖലയിൽ വീണ്ടും എണ്ണ പര്യവേക്ഷണത്തിനൊരുങ്ങി ഖത്തർ. ദക്ഷിണാഫ്രിക്കൻ തീരത്ത് ഈ രംഗത്തെ പ്രമുഖ കമ്പനികളുമായി ചേർന്നാണ് ഖത്തർ എനർജി എണ്ണ പര്യവേക്ഷണം നടത്തുന്നത്. എണ്ണ പര്യവേക്ഷണത്തിനായി ടോട്ടൽ എനർജീസ്, ആഫ്രിക്ക ഓയിൽ കോർപറേഷൻ, റിക്കോക്യൂർ, ഇക്കോ അറ്റ്ലാന്റിക് ഓയിൽ ആൻഡ് ഗ്യാസ് എന്നിവയുമായി ചേർന്ന് ഖത്തർ എനർജി കരാറിൽ ഒപ്പുവെച്ചത്. ആഫ്രിക്കൻ തീരത്ത് 3ബി/4ബി ബ്ലോക്കുകളിലാണ് പര്യവേക്ഷണം.
പര്യവേക്ഷണത്തിൽ ബ്ലോക്ക് 3ബി/4ബിയിൽ ഖത്തർ എനർജിക്ക് 24 ശതമാനവും ഓപറേറ്ററായ ടോട്ടൽ എനർജീസിന് 33 ശതമാനവുമാണ് പങ്കാളിത്തം. ദക്ഷിണാഫ്രിക്കയോടും നമീബിയയോടും ചേർന്ന് കിടക്കുന്ന ഓറഞ്ച് ബേസിനിലെ പെട്രോളിയം, പ്രകൃതി വാതക നിക്ഷേപങ്ങൾ കണ്ടെത്തുന്നതിന്റെ ഭാഗമായാണ് നീക്കം. 2020 മുതൽ മേഖലയിൽ ഖത്തർ എനർജിയുടെ പര്യവേക്ഷണങ്ങൾ സജീവമാണ്. ദക്ഷിണാഫ്രിക്കയിലും നമീബിയയിലും വിവിധ കമ്പനികളുമായി ചേർന്ന് ഖത്തർ എനർജി പര്യവേക്ഷണം നടത്തുന്നുണ്ട്.