ഗസ്സയിലേക്ക് കൂടുതൽ സഹായമെത്തിക്കാൻ ഖത്തർ; ആറ് ആംബുലൻസുകൾ അയച്ചു
ഇതുവരെ 16 വിമാനങ്ങളിലായി 579 ടണ്‍ അവശ്യവസ്തുക്കളും മരുന്നുകളുമാണ് ഖത്തര്‍ ഗസ്സയിലേക്ക് അയച്ചത്
ദോഹ: താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നതിന് പിന്നാലെ ഗസ്സയിലേക്ക് കൂടുതല്‍ സഹായമെത്തിക്കാന്‍ ഖത്തര്‍. ആറ് ആംബുലന്‍സുകളും അവശ്യവസ്തുക്കളുമാണ് ഈജിപ്തിലെത്തിച്ചത്.
കടുത്ത പ്രതിസന്ധിയാണ് ഗസ്സയിലെ ആരോഗ്യ മേഖല നേരിടുന്നത്. ആംബുലന്‍സുകളില്‍ നല്ലൊരു പങ്കും ഇസ്രായേല്‍ ആക്രമണങ്ങളില്‍ തകരുകയോ കേടുപാടുകള്‍ സംഭവിക്കുകയോ ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് ആറ് ആംബുലന്‍സുകള്‍ ഖത്തര്‍ ഗസ്സയില്‍ എത്തിക്കുന്നത്.
വ്യോമസേനയുടെ രണ്ട് വിമാനങ്ങളിലായി ആംബുലന്‍സുകളും മരുന്നുകളും മറ്റു അവശ്യവസ്തുക്കളുമായി 46 ടണ്‍ വസ്തുക്കള്‍ ഈജിപ്തിലെത്തിയിട്ടുണ്ട്. ഖത്തര്‍ ആരോഗ്യ മന്ത്രാലയവും ഫണ്ട് ഫോര്‍ ഡെവലപ്മെന്റും നല്‍കിയ വസ്തുക്കളാണ് വിമാനത്തിലുള്ളത് അല്‍ അരീഷില്‍ ഇവ റഫ അതിര്‍ത്തി വഴി ഗസ്സയിലെത്തും.
ഇതുവരെ 16 വിമാനങ്ങളിലായി 579 ടണ്‍ അവശ്യവസ്തുക്കളും മരുന്നുകളുമാണ് ഖത്തര്‍ ഗസ്സയിലേക്ക് അയച്ചത്. ഇതോടൊപ്പം തന്നെ ഖത്തര്‍ താമസ രേഖയുള്ള ഗസ്സക്കാരെ തിരിച്ചെത്തിക്കാനുള്ള നടപടികളും ഊര്‍ജിതമാക്കിയിട്ടുണ്ട്. ഇവരില്‍ 20 പേര്‍ കഴിഞ്ഞ ദിവസം ദോഹയിലെത്തിയിരുന്നു. ഖത്തര്‍ വിദേശകാര്യ മന്ത്രാലയമാണ് നടപടികള്‍ ഏകോപിപ്പിക്കുന്നത്.