സിറിയയിൽ ഉടൻ എംബസി തുറക്കുമെന്ന് ഖത്തർ
2011ലാണ് ആഭ്യന്തര സംഘർഷത്തെ തുടർന്ന് ഡമസ്‌കസിലെ ഖത്തർ എംബസിയുടെ പ്രവർത്തനം നിർത്തിയത്
ദോഹ: ബശ്ശാറുൽ അസദ് സ്ഥാനഭ്രഷ്ടനാക്കപ്പെട്ടതോടെ സിറിയയിൽ ഉടൻ എംബസി തുറക്കുമെന്ന് ഖത്തർ. വിദേശകാര്യമന്ത്രാലയ വക്താവും പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവുമായ ഡോ. മാജിദ് അൽ അൻസാരിയാണ് എംബസി തുറക്കാനുള്ള നീക്കങ്ങൾ അറിയിച്ചത്. 2011 ലാണ് ആഭ്യന്തര സംഘർഷത്തെ തുടർന്ന് ഡമസ്‌കസിലെ ഖത്തർ എംബസിയുടെ പ്രവർത്തനം നിർത്തിയത്. ഇതിന് ശേഷം ഇപ്പോളാണ് നയതന്ത്രകാര്യാലയം പ്രവർത്തനക്ഷമമാക്കാൻ ഖത്തർ തീരുമാനിക്കുന്നത്. അടിയന്തര ക്രമീകരണങ്ങൾ പൂർത്തിയാക്കുന്നതോടെ എംബസി തുറക്കുമെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.
ഇരു രാജ്യങ്ങളും ജനങ്ങളും തമ്മിലെ സൗഹൃദം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് എംബസിയുടെ പ്രവർത്തനം പുനരാരംഭിക്കാൻ ഒരുങ്ങുന്നതെന്ന് വാർത്താകുറിപ്പിൽ ഡോ. മാജിദ് അൻസാരി പറഞ്ഞു. എംബസി തുറക്കുന്നതോടെ ഖത്തർ കഴിഞ്ഞ ദിവസം ആരംഭിച്ച എയർബ്രിഡ്ജ് വഴിയുള്ള സഹായങ്ങൾ വേഗത്തിൽ എത്തിക്കാൻ കഴിയും. 2013ൽ സിറിയൻ പ്രതിപക്ഷത്തിന്റെ ആദ്യ എംബസി പ്രവർത്തനമാരംഭിക്കാൻ അനുവാദം നൽകിയ രാജ്യമായിരുന്നു ഖത്തർ.