യു.എ.ഇ വഴി സൗദിയിലേക്ക് പ്രവേശിക്കാം; ആശ്വാസത്തില്‍ പ്രവാസികള്‍
60,000 രൂപക്ക് വരെ നാട്ടിൽ നിന്നും സൗദിയിലേക്ക് ഹോട്ടൽ ബുക്കിങില്ലാതെ പാക്കേജ് നൽകുന്നുണ്ട്.
യു.എ.ഇ അടക്കം മൂന്നു രാജ്യങ്ങളിൽ നിന്നുള്ളവർക്ക്കൂടി സൗദിയിലേക്ക് പ്രവേശിക്കാനുള്ള അനുമതി പ്രാബല്യത്തിലായി. ഇന്ന് രാവിലെ 11 മുതലാണ് റോഡുമാർഗവും വിമാന മാർഗവും സൗദിയിലേക്ക് പ്രവേശിക്കാൻ അനുമതി നൽകിയത്. സൗദി പൗരന്മാർക്ക് ഈ രാജ്യങ്ങളിലേക്ക് ഏർപ്പെടുത്തിയിരുന്ന വിലക്കും നീക്കി.
കഴിഞ്ഞ ദിവസമാണ് യുഎഇ, അർജന്റീന, ദക്ഷിണാഫ്രിക്ക രാജ്യങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന യാത്രാ വിലക്ക് സൗദി നീക്കിയത്. ഇത് സംബന്ധിച്ച ഉത്തരവ് സൗദി സിവിൽ ഏവിയേഷൻ അതോറിറ്റി പുറത്ത് വിട്ടിരുന്നു. ഈ രാജ്യങ്ങളിലെ വിദേശികൾക്കും സ്വദേശികൾക്കും സൗദിയിലേക്ക് കടക്കാം. പുറമെ സൗദി പൗരന്മാർക്ക് ഈ രാജ്യത്തേക്ക് പ്രവേശിക്കാനുള്ള വിലക്കും നീക്കി. ഇതോടെ ഇന്ത്യക്കാർക്കും ക്വാറന്‍റൈനില്ലാതെ യുഎഇയിൽ പ്രവേശിക്കാം. 14 ദിവസം ഇവിടെ പൂർത്തിയാക്കിയാൽ സൗദിയിലേക്ക് തിരിക്കുകയും ചെയ്യാം.
യുഎഇയിൽ ക്വാറന്റൈൻ ആവശ്യമില്ലാത്തതത് പ്രവാസികൾക്ക് വലിയ ആശ്വാസമാണ് നൽകുക. 60,000 രൂപക്ക് വരെ നാട്ടിൽ നിന്നും സൗദിയിലേക്ക് ഹോട്ടൽ ബുക്കിങില്ലാതെ പാക്കേജ് നൽകുന്നുണ്ട്. റോഡ് മാർഗവും, കടൽ മാർഗവും സൗദിയിലെത്താം. നിലവിൽ ഒന്നേ കാൽ ലക്ഷം മുതൽ രണ്ട് ലക്ഷത്തോളം വരും മറ്റു രാജ്യങ്ങൾ വഴി സൗദി പ്രവാസികൾക്കുളള യാത്രാ പാക്കേജുകൾ. ഇതോടെ വരും ദിനങ്ങളിൽ നിരവധി പേർ യുഎഇ വഴി സൗദിയിലെത്താൻ ബുക്കിങ് പൂർത്തിയാക്കി കഴിഞ്ഞു.