സൗദിയിലേക്ക് പ്രാദേശിക ഓഫീസുകള്‍ മാറ്റി ആഗോള കമ്പനികള്‍

യുഎഇയില്‍ റീജണല്‍ ഹെഡ്ക്വാര്‍ട്ടേഴ്‌സ് സ്ഥാപിച്ച് സൗദിയില്‍ കരാര്‍ ജോലികള്‍ എടുക്കുന്നതായിരുന്നു വന്‍കിട കമ്പനികളുടെ രീതി. ഇതു 2023 അവസാനം മുതല്‍ അനുവദിക്കില്ല.

Update: 2021-10-25 15:16 GMT
Editor : abs | By : Web Desk
Advertising

ആഗോള കമ്പനികളുടെ പ്രാദേശിക ആസ്ഥാനം സൗദിയിലേക്ക് മാറ്റണമെന്ന സൗദി കിരീടാവകാശിയുടെ നിര്‍ദേശം വിജയത്തിലേക്കെന്ന് റിപ്പോര്‍ട്ട്. നിലവില്‍ ദുബൈയിലുള്ള പല കമ്പനികളും ജീവനക്കാരെയടക്കം സൗദിയിലേക്ക് മാറ്റാന്‍ തുടങ്ങിയിട്ടുണ്ട്. റീജണല്‍ ആസ്ഥാനം സൗദിയിലില്ലാത്ത കോര്‍പറേറ്റ് കമ്പനികളുടെ കരാറുകള്‍ റദ്ദാക്കുമെന്ന് കിരീടാവകാശി മുന്നറിയിപ്പ് നല്‍കിയിരുന്നു.

സൗദിയിലെ ആഗോള വിപണിയുടെ പ്രാദേശിക ഹബ്ബാക്കുന്ന സൗദി കിരീടാവകാശിയുടെ പദ്ധതിയുടെ ഭാഗമായിരുന്നു പ്രഖ്യാപനം. നിലവില്‍ യുഎഇയില്‍ റീജണല്‍ ഹെഡ്ക്വാര്‍ട്ടേഴ്‌സ് സ്ഥാപിച്ച് സൗദിയില്‍ കരാര്‍ ജോലികള്‍ എടുക്കുന്നതായിരുന്നു വന്‍കിട കമ്പനികളുടെ രീതി. ഇതു 2023 അവസാനം മുതല്‍ അനുവദിക്കില്ല. സൗദിയില്‍ റീജണല്‍ ഓഫീസില്ലാത്ത സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാറുമായി ബന്ധപ്പെട്ട ഒരു കരാറും ലഭിക്കില്ല.

പ്രഖ്യാപനത്തിന് പിന്നാലെ യുഎഇയിലുള്ള കമ്പനികളില്‍ പലതും സൗദിയിലേക്ക് ആസ്ഥാനം മാറ്റാനുള്ള ശ്രമത്തിലാണ്. ചിലര്‍ രണ്ടിടത്തും ഓഫീസ് തുറക്കുന്നുണ്ട്. ശേഷിയില്ലാത്തവര്‍ പൂര്‍ണമായും സൗദിയിലേക്ക് മാറും. ഇതിനകം, ഗൂഗ്ള്‍ ക്ലൗഡ്, ആലിബാബ, വെസ്റ്റേണ്‍ യൂനിയന്‍ തുടങ്ങിയ ആഗോള കമ്പനികള്‍ അടുത്തിടെയായി സൗദിയില്‍ നിക്ഷേപമിറക്കിയിട്ടുണ്ട്. കൂടാതെ പെപ്‌സികോ, ടിം ഹോര്‍ട്ടന്‍ തുടങ്ങിയ 24 വന്‍ കമ്പനികളുടെ മേഖലാ ആസ്ഥാനം സൗദിയിലേക്ക് മാറ്റുന്നതിന് അധികൃതരുമായി കരാറില്‍ ഒപ്പുവച്ചിരുന്നു. ഇതിന് പിന്നാലെയാണ് കഴിഞ്ഞ ദിവസം പുതിയ നിയമം പ്രഖ്യാപിച്ചത്.

സര്‍ക്കാര്‍ ഫണ്ടുകള്‍, ഏജന്‍സികള്‍, സ്ഥാപനങ്ങള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ടുള്ള കരാറുകളില്‍ ഭൂരിഭാഗവും യുഎഇ റീജണല്‍ ആസ്ഥാനമുള്ള കമ്പനികള്‍ക്കാണ് ലഭിക്കുന്നത്. ഇതിനാല്‍ തന്നെ സൗദിയിലെ സ്വദേശിവത്കരണ ചട്ടം പാലിച്ച് ജീവനക്കാരെ നിയമിക്കേണ്ടിയും വരും. ആയിരക്കണക്കിന് സൗദികള്‍ക്ക് വിദേശ കമ്പനികളില്‍ ഇതോടെ ജോലി ലഭ്യമാകും. പുറമെ, ആഗോള വിപണിയില്‍ സൗദിയുടെ സ്ഥാനം ഉയരുകയും ചെയ്യും. നിലവില്‍ എത്ര കമ്പനികള്‍ റിയാദിലേക്ക് ആസ്ഥാനം മാറ്റിയെന്ന വിവരം മന്ത്രാലയം പുറത്തു വിട്ടിട്ടില്ല.

Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News