കനത്ത മഴ: സൗദിയിൽ ഒരു മരണം; ഒരാളെ കാണാതായി

രണ്ട് ദിവസമായി തുടരുന്ന കനത്ത മഴക്ക് ഇന്ന് ശമനമായെങ്കിലും പലയിടങ്ങളിലും വെള്ളക്കെട്ടുകൾ തുടരുകയാണ്

Update: 2024-05-02 17:48 GMT
Advertising

ദമ്മാം: സൗദിയിൽ കനത്ത മഴയിലും ഒഴുക്കിലും പെട്ട് ഒരാൾ മരിക്കുകയും ഒരാളെ കാണാതാവുകയും ചെയ്തതായി റിപ്പോർട്ട്. രണ്ട് ദിവസമായി തുടരുന്ന കനത്ത മഴക്ക് ഇന്ന് ശമനമായെങ്കിലും പലയിടങ്ങളിലും വെള്ളക്കെട്ടുകൾ തുടരുകയാണ്. കിഴക്കൻ പ്രവിശ്യ, റിയാദ്, മക്ക പ്രവിശ്യകളിൽ മഴ കുറഞ്ഞപ്പോൾ അസീർ, നജ്റാൻ, വടക്കൻ അതിർത്തി മേഖലകളിൽ മഴ തുടരുകയാണ്.

അബഹയുടെ വടക്ക് ഭാഗത്ത് സ്ഥിതി ചെയ്യുന്ന ബാൽസാമർ പട്ടണത്തിലെ വാദിഖാരെഫിലാണ് ഒഴുക്കിൽപ്പെട്ട ഒരാളുടെ മൃതദേഹം കണ്ടെത്തിയത്. ഇവിടെ നിന്നും കാണാതായ മറ്റൊരു യുവാവിനായുള്ള തിരച്ചിൽ തുടരുകയാണ്. ശക്തമായ മഴയിൽ ഒഴുകിയെത്തിയ വെള്ളം പലയിടങ്ങളിലും കനത്ത നാശനഷ്ടങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്.

നിരവധി വാഹനങ്ങളും കെട്ടിടങ്ങളും ഒലിച്ചുപോയി. വടക്കൻ അതിർത്തി പ്രദേശങ്ങൾ, അബഹ, അൽബഹ, അസീർ, നജ്റാൻ, മക്ക പ്രവിശ്യകളിലാണ് കൂടുതൽ അപകടകരമായ തോതിൽ വെള്ളം ഒഴുകിയെത്തിയത്. കിഴക്കൻ പ്രവിശ്യ, റിയാദ്, ബുറൈദ, ഖസീം ഭാഗങ്ങളിലെ മഴക്ക് ഇന്ന് ശമനമായി. എങ്കിലും നാളെ വരെ മഴക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി. ഇവിടങ്ങളിൽ രണ്ട് ദിവസമായി പെയ്ത മഴയിൽ പലയിടങ്ങളിലും വലിയ വെള്ളക്കെട്ടുകളാണ് രൂപപ്പെട്ടത്.

അതേസമയം, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്നും അവധി നൽകി. ജിസാൻ, അസീർ, നജ്റാൻ മേഖലയിൽ നാളെ വരെ റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. യാത്രക്കാരും താഴ്ന്ന പ്രദേശങ്ങളിലെ താമസക്കാരും ജാഗ്രത പാലിക്കുവാൻ സിവിൽ ഡിഫൻസ് നിരന്തരം നിർദ്ദേശം നൽകിവരുന്നുണ്ട്.


Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News