നിതാഖാത് രണ്ടാം ഘട്ടം; പ്രവാസി സ്ഥാപനങ്ങൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
രണ്ടാം ഘട്ടത്തിലും ചില മേഖലകളിൽ മാത്രമാണ് വലിയ അളവിൽ സൗദിവത്കരണം വേണ്ടി വരിക.
റിയാദ്: വിവിധ മേഖലയിലുള്ള സ്ഥാപനങ്ങൾ നിതാഖാതിൽ പാലിക്കേണ്ട സൗദിവത്കരണതോത് സംബന്ധിച്ച വിശദാംശവും സൗദി തൊഴിൽ മന്ത്രാലയം പുറത്ത് വിട്ടു. വർഷങ്ങൾക്ക് മുമ്പ് സമ്പൂർണ സൗദിവത്കരണം പ്രഖ്യാപിച്ച ചില മേഖലകളിൽ നേരത്തെ ഇളവ് നൽകിയിരുന്നു. രണ്ടാം ഘട്ടത്തിലും ചില മേഖലകളിൽ മാത്രമാണ് വലിയ അളവിൽ സൗദിവത്കരണം വേണ്ടി വരിക.
ഫെബ്രുവരിയിലെ നിതാഖാത് രണ്ടാം ഘട്ടത്തിൽ, നിശ്ചിത ശതമാനം സൗദികളെ നിയമിക്കാത്ത സ്ഥാപനങ്ങൾ ചുവപ്പിലേക്ക് കൂപ്പു കുത്തും. ഇതോടെ ഒരു സർക്കാർ സേവനവും ലഭിക്കില്ല. ആ സ്ഥാപനത്തിലെ ജീവനക്കാർക്ക് സ്പോൺസറുടെ പോലും അനുമതിയില്ലാതെ കമ്പനി മാറുകയും ചെയ്യാം. ഇതെല്ലാം തടയാൻ സ്ഥാപനങ്ങൾ ഇളം പച്ച വിഭാഗത്തിൽ തന്നെ തുടരേണ്ടി വരും.
പ്രധാന മേഖലകളിൽ ഇളം പച്ച വിഭാഗത്തിൽ തുടരാൻ വേണ്ട സൗദി വത്കരണം ഇനി പറയും പ്രകാരമാണ്. വ്യവസായ, കോൺട്രാക്ടിങ്, റസ്റ്റന്റ് മേഖലയിൽ 12 ശതമാനം. അതായത് നൂറ് ജീവനക്കാരിൽ 12 പേർ സൗദികളാകണം. ഫാസ്റ്റ് ഫുഡ് മേഖലയിൽ 14ഉം ഹോട്ടലുകളിൽ 22ഉം ബഖാലകളിൽ 13 ശതമാനവും കോഫി ഷോപ്പുകളിൽ 15 ശതമാനവും സൗദികളാകണം. ഹോള്‍സെയില്‍ ആന്‍ഡ് റീട്ടെയില്‍ മേഖലയിൽ 20 ശതമാനം സൗദികൾ വേണം.
വിദേശ സ്കൂളുകളിൽ അഞ്ച് ശതമാനമേ സൗദിവത്കരണമുള്ളൂ. എന്നാൽ ധനകാര്യ സ്ഥാപനങ്ങളിൽ 50ഉം മൊബൈൽ ഷോപ്പുകളിൽ 82 ശതമാനവും സൗദികളാകണം. നേരത്തെ സമ്പൂർണ സൗദിവത്കരണമുണ്ടായിരുന്ന മേഖലയാണ് മൊബൈൽ ഷോപ്പുകൾ. ടെലകോമിൽ 25ഉം, ഐടിയിൽ 15ഉം, റിക്രൂട്ട്മെന്റ് സ്ഥാപനങ്ങളിൽ 75 ശതമാനവും സൗദികളാകണം. ഇതെല്ലാം ഇളം പച്ച നിലയിൽ തുടരാൻ വേണ്ട സൗദിവത്കരണമാണ്. ഇതിൽ നിന്നും തൊട്ടു മുകളിലുള്ള ഓരോ കാറ്റഗറിയിലേക്കും ഉയരാൻ മൂന്ന് മുതൽ 15 ശതമാനം വരെ സൗദിവത്കരണം നടപ്പാക്കണം.
നിതാഖാത് രണ്ടാം ഘട്ടം തുടങ്ങുമ്പോൾ പ്രവാസി സ്ഥാപനങ്ങൾ ശ്രദ്ധിക്കേണ്ടത്...നേരത്തെ ചെറുകിട സ്ഥാപനങ്ങള്‍ക്കും ചില പ്രവര്‍ത്തന മേഖലകള്‍ക്കും സൗദിവത്കരണത്തില്‍ ഇളവ് ലഭിച്ചിരുന്നു. ഇനിയതുണ്ടാകില്ല. ചില മേഖലകളിൽ നേരത്തെ പ്രഖ്യാപിച്ച സമ്പൂർണ സൗദിവത്കരണ മേഖലകൾക്ക് പുറമെയാണ് പുതിയ നിതാഖാത് ഘട്ടം. എങ്കിലും കൃത്യമായ പ്ലാനിങോടെ ചട്ടങ്ങൾ പാലിച്ചാൽ സ്ഥാപനങ്ങളുടെ പ്രവർത്തനം സുഗമമായി നടത്താമെന്ന് ഈ രംഗത്തുള്ളവർ ചൂണ്ടിക്കാട്ടുന്നു.