സൗദി അറേബ്യയിൽ ഒമിക്രോൺ സ്ഥിരീകരിച്ചു
ഗള്‍ഫില്‍ ആദ്യമായാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്.
സൗദി അറേബ്യയിൽ കോവിഡ് വകഭേദമായ ഒമിക്രോൺ സ്ഥിരീകരിച്ചു. ആഫ്രിക്കയിൽ നിന്നെത്തിയ യാത്രക്കാരനാണ് വൈറസ് സ്ഥിരീകരിച്ചത്. ഇയാളെ ഐസൊലേഷനിലേക്ക് മാറ്റിയതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഗള്‍ഫില്‍ ആദ്യമായാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്.
ഏത് ആഫ്രിക്കന്‍ രാജ്യത്തില്‍ നിന്നുള്ളയാള്‍ക്കാണ് കോവിഡ് വകഭേദം സ്ഥിരീകരിച്ചതെന്ന് വ്യക്തമല്ല. ഇദ്ദേഹവുമായി സമ്പര്‍ക്കമുണ്ടായിരുന്നവരെ ക്വാറന്‍റൈനിലേക്ക് മാറ്റി. സൗദി 14 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഈ വിലക്ക് ഏര്‍പ്പെടുത്തും മുന്‍പ് സൗദിയിലെത്തിയതാവാം ഇദ്ദേഹം എന്നാണ് നിഗമനം.
ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് സൗദി ആരോഗ്യ മന്ത്രി ഫഹദ് അൽ ജലാജിൽ അറിയിച്ചു. രാജ്യത്തുള്ളവരോട് വാക്സിനേഷൻ പൂർത്തിയാക്കാനും ആഹ്വാനം ചെയ്തു. രാജ്യത്തെ 70 ശതമാനത്തിലേറെ ജനതയും വാക്സിൻ രണ്ട് ഡോസും പൂർത്തീകരിച്ചവരാണ്. മൂന്നാം ഡോസ് വിതരണം പുരോഗമിക്കുന്നതിനിടെയാണ് ഒമിക്രോൺ സാന്നിധ്യം സ്ഥിരീകരിക്കുന്നത്.
സൗദിയിലേക്ക് കൂടുതല്‍ യാത്രാ ഇളവ് ഇന്ന് പ്രാബല്യത്തില്‍ വരാനിരിക്കെയാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഇന്ത്യക്കാർക്ക് ഇന്ന് രാത്രി 12ന് ശേഷം സൗദി അറേബ്യയിലേക്ക് നേരിട്ട് പ്രവേശിക്കാം. സൗദിയിൽ എത്തിയ ശേഷമുള്ള ക്വാറന്‍റൈൻ പാക്കേജ് എങ്ങനെ എടുക്കണമെന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. നിലവിൽ അറിയിച്ച ഉത്തരവ് പ്രകാരം ഇന്ത്യയിൽ നിന്ന് വാക്‌സിൻ സ്വീകരിച്ച് വരുന്നവർക്ക് സൗദിയിലെത്തിയ ശേഷം അഞ്ച് ദിവസത്തെ ഇൻസ്റ്റിറ്റിയൂഷനൽ ക്വാറന്‍റൈൻ നിർബന്ധമാണ്.
സൗദി അറേബ്യയിലേക്ക് ഇന്ത്യയില്‍ നിന്നും നേരിട്ട് വിമാന സർവീസിനും അനുമതിയായിട്ടുണ്ട്. ചാർട്ടേർഡ് വിമാനങ്ങളല്ലാതെ റഗുലർ വിമാന സർവീസ് സംബന്ധിച്ച് നിർദേശം ലഭിക്കാത്തതിനാല്‍ റഗുലർ സർവീസുകള്‍ തുടങ്ങിയിട്ടില്ല. റഗുലർ വിമാനയാത്ര ആരംഭിക്കാൻ ഈ മാസം 15 വരെ കാത്തിരിക്കേണ്ടിവരും. ഒമിക്രോണ്‍ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ സൗദി നിയന്ത്രണങ്ങള്‍ കടുപ്പിക്കുമോയെന്ന് ഇപ്പോള്‍ വ്യക്തമല്ല.