അഞ്ഞൂറിലേറെ ബിനാമി സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയെടുത്ത് സൗദി
ബിനാമി സ്ഥാപനങ്ങൾക്ക് പദവി ശരിയാക്കാനുള്ള കാലാവധി ആറു മാസം കൂടി സൗദി നീട്ടിയിരുന്നു.
സൗദിയിൽ ബിനാമി സ്ഥാപനങ്ങൾ നടത്തിയിന്റെ പേരിൽ 585 സ്ഥാപനങ്ങൾക്കെതിരെ ഈ വർഷം നടപടിയെടുത്തതായി വാണിജ്യ മന്ത്രാലയം. ഇരുപത്തിയൊന്നായിരം പരിശോധനകളാണ് ഇതുവരെ നടത്തിയത്. ശിക്ഷാ നടപടിയുണ്ടായതിൽ മലയാളികളുടെ കടകളും പെടും. രാജ്യത്ത് ബിനാമി ബിസിനസ് നടത്തുന്നവർക്ക് പദവി ശരിയാക്കാനുള്ള അവസരം അടുത്ത വർഷം ഫെബ്രുവരി വരെ നീട്ടിയിരുന്നു.
ഇതുവരെ 585 സ്ഥാപനങ്ങൾക്കെതിരെ നടപടിയുണ്ടായി. വാണിജ്യ നിക്ഷേപ മന്ത്രാലയമാണ് നടപടിയെടുക്കുന്നത്. മലയാളികളുടെ സ്ഥാപനങ്ങളും ഇതിൽ പെടും. സൗദിയിലെ നിയമമനുസരിച്ച് വിദേശികൾക്ക് നേരിട്ട് സ്ഥാപനങ്ങൾ നടത്താൻ അനുമതിയില്ല. ഇതിനായി സൗദിയിലെ അതോറിറ്റിയിൽ നിക്ഷേപം നടത്തണം. എന്നാൽ പലരും സ്പോൺസർമാരുടെ പേരിൽ സ്ഥാപനം നടത്തുന്നതായാണ് പരിശോധനയിൽ കണ്ടെത്തിയത്.
വൻതുക പിഴയും ജയിൽവാസവുമാണ് ശിക്ഷ. നിലവിലുള്ള ബിനാമി സ്ഥാപനങ്ങൾക്ക് പദവി ശരിയാക്കാനുള്ള കാലാവധി ആറു മാസം കൂടി സൗദി നീട്ടിയിരുന്നു. 2022 ഫെബ്രുവരി 16 വരെയാണ് ഇതിന് അവസരം. സ്പോൺസർമാരുടെ പേരിൽ കടകൾ നടത്തുന്നവർ ഈ കാലാവധിക്കകം സ്ഥാപനങ്ങൾ സ്വന്തം പേരിലേക്ക് മാറ്റണം. ഇതിനകം നിരവധി മലയാളി സ്ഥാപനങ്ങൾ പദവി ശരിയാക്കാനുള്ള ശ്രമത്തിലാണ്.