സൗദിയിൽ ബൂറ്റിക് ഹോട്ടൽ പദ്ധതിക്ക് തുടക്കമായി
പദ്ധതിയുടെ ഉദ്ഘാടനം പി.ഐ.എഫ് ചെയർമാനും കിരീടവകാശിയുമായ മുഹമ്മദ് ബിൻ സൽമാൻ നിർവ്വഹിച്ചു
സൗദിയിൽ അൾട്രാ ലക്ഷ്വറി ഹോസ്പിറ്റാലിറ്റി സൗകര്യത്തോടുകൂടിയ ബൂറ്റിക് ഹോട്ടലുകൾ ആരംഭിക്കുന്നു. രാജ്യത്തെ ചരിത്രപരവും സാംസ്‌കാരിക പ്രധാന്യമുള്ളതുമായ കൊട്ടാരങ്ങൾ നവീകരിച്ചാണ് പദ്ധതി നടപ്പിലാക്കുക. പദ്ധതിക്കായി രൂപീകരിച്ച ബൂറ്റിക് ഗ്രൂപ്പിന്റെ ഉദ്ഘാടനം കിരീടവകാശി നിർവ്വഹിച്ചു.
പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ടിന് കീഴിലാണ് പുതിയ പദ്ധതിക്ക തുടക്കം കുറിക്കുന്നത്.അൾട്രാ ലക്ഷ്വറി ഹോസ്പിറ്റാലിറ്റി സൗകര്യത്തോടെ ബൂറ്റിക് ഹേട്ടലുകൾ സജ്ജീകരിക്കുകയാണ് ലക്ഷ്യം. രാജ്യത്തുടനീളമുള്ള ചരിത്രപരവും സാംസ്‌കാരിക പ്രാധാന്യമുള്ളതുമായ കൊട്ടാരങ്ങളെ ഇതിനായി ഉപയോഗപ്പെടുത്തും. പദ്ധതിയുടെ ഉദ്ഘാടനം പി.ഐ.എഫ് ചെയർമാനും കിരീടവകാശിയുമായ മുഹമ്മദ് ബിൻ സൽമാൻ നിർവ്വഹിച്ചു. പദ്ധതി വഴി സൗദിയുടെ പൈതൃകത്തെയും സംസ്‌കാരത്തെയും പഴമയൊട്ടും നഷ്ടപ്പെടാതെ പുനർനിർമ്മിക്കും.
ഇത് വഴി പുതുമ നിറഞ്ഞതും അതുല്യവുമായ അനുഭവങ്ങൾ സന്ദർശകർക്ക് സമ്മാനിക്കുകയാണ് ലക്ഷ്യം.സ്വകാര്യ മേഖലയിലുള്ള അൽ ഹംറ പാലസ് ഉൾപ്പെടെയുള്ള മൂന്ന് കൊട്ടാരങ്ങളിൽ ആദ്യ ഘട്ടത്തിൽ പദ്ധതി നടപ്പിലാക്കും. തുവൈഖ് പാലസും റെഡ് പാലസുമാണ് മറ്റു രണ്ടു കൊട്ടാരങ്ങൾ. സമ്പദ് വ്യവസ്ഥയുടെ വൈവിധ്യ വൽക്കരണവും എണ്ണ ഇതര ജി.ഡി.പിയുടെ വളർച്ചയ്ക്ക് വേഗത കൂട്ടുന്നതിനും പദ്ധതി സഹായിക്കും. ബൂറ്റിക് ഗ്രൂപ്പിന് കീഴിൽ കൂടുതൽ ടൂറിസം പദ്ധതികളും അവസരങ്ങളും ഒരുക്കുന്നതിനും പദ്ധതിയുണ്ട്.