ഡിസംബർ പകുതിയോടെ ഇന്ത്യയിൽ വിമാന സർവീസ് തുടങ്ങുന്ന പ്രതീക്ഷയിൽ സൗദി പ്രവാസികൾ
ജനുവരി പകുതിയോടെ ഇന്ത്യ വിമാന സർവീസ് പുനരാംരഭിക്കുന്നുണ്ട്. ഘട്ടഘട്ടമായുള്ള ഈ നീക്കത്തിലെ ആദ്യ ഘട്ടത്തിൽ സൗദി അറേബ്യ ഉൾപ്പെടുമോ എന്നതാണ് പ്രധാനം.
ഡിസംബർ പകുതിയോടെ ഇന്ത്യയിൽ വിമാന സർവീസ് തുടങ്ങുന്ന പ്രതീക്ഷയോടെ സൗദി പ്രവാസികൾ. സൗദിയിലേക്ക് നേരിട്ട് വിമാന സർവീസിന് ഇന്ത്യയും കരാറിന് തയ്യാറായാൽ പ്രവാസികൾക്ക് കുറഞ്ഞ നിരക്കിൽ പറക്കാം. ഡിസംബർ ഒന്നു മുതൽ ഇന്ത്യക്കാർക്കുള്ള യാത്രാ വിലക്ക് സൗദി നീക്കും. ഇതിനുള്ള ഒരുക്കങ്ങൾ സിവിൽ ഏവിയേഷൻ നടത്തുന്നുണ്ട്.
ജനുവരി പകുതിയോടെ ഇന്ത്യ വിമാന സർവീസ് പുനരാംരഭിക്കുന്നുണ്ട്. ഘട്ടഘട്ടമായുള്ള ഈ നീക്കത്തിലെ ആദ്യ ഘട്ടത്തിൽ സൗദി അറേബ്യ ഉൾപ്പെടുമോ എന്നതാണ് പ്രധാനം. ഉൾപ്പെട്ടാൽ സൗദിയിലേക്ക് പ്രവാസികൾക്ക് അനായാസം പറക്കാം. ഇന്ത്യയും സൗദിയും എയർ ബബ്ൾ കരാർ തയ്യാറാക്കിയാൽ മാത്രമേ പ്രവാസികൾക്ക് കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യാനാകൂ. അല്ലെങ്കിൽ നിലവിലുള്ള ചാർട്ടേഡ് വിമാനങ്ങളെ ആശ്രയിക്കേണ്ടി വരും. യാത്രക്കാർ കൂടുമെന്നതിനാൽ നിരക്ക് വർധനക്കും സാധ്യതയുണ്ട്.
ഇന്നലെ രാത്രി സൗദി ആഭ്യന്തര മന്ത്രാലയം ഇന്ത്യക്കാർക്കുള്ള പ്രവേശന വിലക്ക് നീക്കിയിരുന്നു. ഇതനുസരിച്ച് ഡിസംബർ ഒന്നിന് പുലർച്ച ഒന്നു മുതൽ ഇന്ത്യക്കാർക്ക് സൗദിയിൽ പ്രവേശിക്കാം. ഇന്ത്യയിൽ നിന്നും വാക്സിനെടുത്തവർ സൗദിയിൽ അഞ്ച് ദിവസം ക്വാറന്റൈനിരിക്കണം. ഇന്ത്യയിൽ നിന്നും വാക്സിൻ സ്വീകരിച്ചവർ ഇമ്യൂൺ ആണെങ്കിലും അല്ലെങ്കിലും അഞ്ച് ദിവസം ക്വാറന്റൈനിരിക്കണം. ഹോട്ടലുകളോ മുനിസിപ്പാലിറ്റി അംഗീകൃത താമസ കേന്ദ്രങ്ങളോ ഇതിനായി ഉപയോഗിക്കാം.
സൗദിയിൽ നിന്നും വാക്സിൻ സ്വീകരിച്ച് നാട്ടിൽ പോയവർക്ക് തിരിച്ചെത്തുമ്പോൾ ക്വാറന്റൈൻ വേണ്ട. ഇതുവരെ ലക്ഷത്തിലേറെ രൂപ ചിലവഴിച്ച് മറ്റൊരു രാജ്യത്ത 14 ദിവസം തങ്ങിയാണ് ഇന്ത്യക്കാർ സൗദിയിലേക്ക് എത്തിയിരുന്നത്. പുതിയ വിസക്കാർക്കും, വിസിറ്റ്, ബിസിനസ്, ടൂറിസ്റ്റ് വിസകളിലുള്ളവർക്കും ചട്ടം പാലിച്ച് നേരിട്ട് സൗദിയിലെത്താം. ഇന്ത്യക്ക് പുറമെ, പാക്കിസ്ഥാൻ, ബ്രസീൽ, വിയറ്റ്‌നാം, ഈജിപ്ത് എന്നീ രാജ്യക്കാർക്കും യാത്രാ വിലക്ക് നീക്കിയിട്ടുണ്ട്. ഇന്ത്യ മുൻകൈയെടുത്ത് വിദേശകാര്യ മന്ത്രാലയം വഴി സമ്മർദ്ദം ചെലുത്തുമോ എന്നതാണ് പ്രവാസികൾ കാത്തിരിക്കുന്നത്. എയർ ബബ്ൾ കരാറില്ലെങ്കിൽ വിമാനക്കമ്പനികൾ നിരക്ക് കൂട്ടുമെന്ന ആശങ്കയും നിലവിലുണ്ട്.