മക്ക ബസുകളുടെ പരീക്ഷണ ഓട്ടം ആരംഭിച്ചു
മക്ക: ഏകീകൃത പൊതുഗതാഗത പദ്ധതിയുടെ ഭാഗമായ 'മക്ക ബസു'കളുടെ പരീക്ഷണ ഓട്ടം ആരംഭിച്ചു. റുസൈഫ ജില്ലയിലെ ഹറമൈന്‍ എക്സ്പ്രസ് ട്രെയിന്‍ സ്റ്റേഷനും മസ്ജിദുല്‍ ഹറമിന്റെ പരിസരത്തുള്ള ജബല്‍ ഒമര്‍ സ്റ്റേഷനും പരസ്പരം ബന്ധിപ്പിക്കുന്ന തരത്തിലുള്ള പദ്ധതി മക്ക റോയല്‍ കമ്മീഷനാണ് നടപ്പിലാക്കുന്നത്.
സൗദി വിഷന്‍2030 ന്റെ കീഴില്‍ തീര്‍ഥാടകര്‍ക്കൊരുക്കുന്ന സേവന പരിപാടിയായ ദോയോഫ് അല്‍ റഹ്‌മാന്‍ പ്രോഗ്രാമിന്റെ സംരംഭങ്ങളിലൊന്നാണ് ഈ പദ്ധതി. ഹറമൈന്‍ എക്സ്പ്രസ് ട്രെയിന്‍ സ്റ്റേഷനില്‍ നിന്ന് മസ്ജിദുല്‍ ഹറമിലേക്കുള്ള യാത്രക്കാരെയും കയറ്റി റൂട്ട് 7A യില്‍ നിന്ന് രാവിലെ 5:30 നാണ് ആദ്യ ട്രിപ്പ് ആരംഭിക്കുക.
വിശുദ്ധ നഗരത്തിലെ സന്ദര്‍ശകര്‍ക്ക് നല്‍കുന്ന സേവനങ്ങള്‍ വികസിപ്പിക്കുന്നതിനാണ് റോയല്‍ കമ്മീഷന്‍ ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഗുണഭോക്താക്കളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും ലഭിക്കാനുള്ള അവസരമായാണ് റോയല്‍ കമ്മീഷന്‍ ആദ്യ പരീക്ഷണ ഓട്ടത്തെ കാണുന്നത്.
ഇതിലൂടെ ജനങ്ങളുടെ ആവശ്യങ്ങള്‍ മനസിലാക്കി നിറവേറ്റുന്നതിനായി പദ്ധതി കൂടുതല്‍ വികസിപ്പിക്കും. പൊതുഗതാഗത പദ്ധതിയുടെ ബാക്കി ട്രാക്കുകളുടെ വികസനവും ആസൂത്രണം ചെയ്തതുപോലെ വരും മാസങ്ങളില്‍ നാല് ഘട്ടങ്ങളായി പൂര്‍ത്തിയാക്കും.