സൗദിയില്‍ സ്ത്രീ സുരക്ഷാ നിയമം കര്‍ശനമാക്കി

ദേശീയ ദിനത്തില്‍ സ്ത്രീകള്‍ക്കെതിരായ വീഡിയോകള്‍ പരിശോധിച്ച് 12 പേരെ അറസ്റ്റ് ചെയ്തു

Update: 2021-09-27 17:03 GMT
Editor : Dibin Gopan | By : Web Desk
Advertising

സ്ത്രീകള്‍ക്കെതിരെ ലൈംഗികമായോ വാക്കു കൊണ്ടോ ചിഹ്നങ്ങളാലോ അതിക്രമം നടത്തുന്നവര്‍ക്കെതിരെ സൗദി ആഭ്യന്തര മന്ത്രാലയത്തിന്റെ താക്കീത്. പിടിയിലാകുന്നവര്‍ക്ക് രണ്ട് വര്‍ഷം തടവും ലക്ഷം റിയാല്‍ പിഴയും ചുമത്തും. ദേശീയ ദിനത്തില്‍ സ്ത്രീകള്‍ക്കെതിരായ വീഡിയോകള്‍ പരിശോധിച്ച് 12 പേരെ അറസ്റ്റ് ചെയ്തു.

സ്ത്രീ പീഡനത്തിന് പിടിയിലാകുന്നവര്‍ രണ്ട് വര്‍ഷത്തോളം ശിക്ഷ അനുഭവിക്കേണ്ടി വരും. കേസിന്റെ സ്വഭാവത്തിനനുസരിച്ചാണ് ജയില്‍ ശിക്ഷ കണക്കാക്കുക. പൊതു-സ്വകാര്യ ഇടങ്ങളില്‍ വെച്ച് സ്ത്രീകളോട് മാന്യമായി പെരുമാറണമെന്നാണ് സൗദി നിയമം. ശാരീരികമായി കയ്യേറ്റം ചെയ്യുക, ലൈംഗിക ചുവയോടെ സംസാരിക്കുക, സോഷ്യല്‍ മീഡിയകള്‍ വഴി ഇത്തരം കമന്റുകള്‍ ഇടുക, മോശമായ ചിഹ്നങ്ങള്‍ കാണിക്കുക എന്നിവക്കെല്ലാം കടുത്ത നടപടിയുണ്ടാകും. ലക്ഷം റിയാല്‍ പിഴയും ഈടാക്കും. ടിക് ടോക് ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയവഴി മോശം കമന്റുകള്‍ നടത്തിയവരും വീഡിയോ പോസ്റ്റ് ചെയ്തവരും കഴിഞ്ഞ ദിവസങ്ങളില്‍ പിടിയിലായിരുന്നു.

പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്കെതിരായ എല്ലാ തരത്തിലുള്ള ചൂഷണങ്ങള്‍ക്കും ജയിലില്‍ കയറേണ്ടി വരും. ഇത്തരം അതിക്രമങ്ങളില്‍ സഹായിക്കുന്നവര്‍ക്കും ശിക്ഷയുണ്ടാകും. ദേശീയ ദിനത്തില്‍ ചിലയിടങ്ങളില്‍ സ്ത്രീകളോട് മോശമായി പെരുമാറിയവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇത് പ്രചരിപ്പിക്കുന്നവരേയും മന്ത്രാലയം നിരീക്ഷിച്ച് നടപടിയെടുക്കും.

Tags:    

Writer - Dibin Gopan

contributor

Editor - Dibin Gopan

contributor

By - Web Desk

contributor

Similar News