ദുബൈയില്‍ റാപിഡ് പിസിആർ പരിശോധനാ സമയത്തിൽ ഇളവ്
ഇനിമുതൽ ആറുമണിക്കൂറിനുള്ളിലെ റാപ്പിഡ് പരിശോധനാഫലം ലഭ്യമാക്കിയാൽ മതിയെന്ന് ദുബൈ സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു
നാട്ടിൽനിന്ന് ദുബൈയിലേക്ക് വരുന്നവർക്ക് റാപ്പിഡ് പിസിആർ പരിശോധനാസമയത്തിൽ ഇളവ്. ഇനിമുതൽ ആറു മണിക്കൂറിനുള്ളിലെ റാപ്പിഡ് പരിശോധനാഫലം ലഭ്യമാക്കിയാൽ മതിയെന്ന് ദുബൈ സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു. നേരത്തെ പരിശോധന സമയം നാല് മണിക്കൂറായിരുന്നു. അതിനിടെ, യുഎഇക്ക് വരാൻ ഇടത്താവളമായിരുന്ന അർമേനിയ, മാലിദ്വീപ് ഉൾപ്പെടെയുള്ള രാജ്യങ്ങളെ അബൂദബി റെഡ് ലിസ്റ്റിൽ ഉൾപ്പെടുത്തി.
ദുബൈ സിവിൽ ഏവിയേഷൻ അതോറിറ്റിയാണ് ഇന്ത്യ ഉൾപ്പെടെ ആറ് രാജ്യങ്ങളിൽനിന്ന് വരുന്നവർക്ക് റാപ്പിഡ് പരിശോധനയുടെ സമയത്തിൽ ഇളവ് പ്രഖ്യാപിച്ചത്. നാല് മണിക്കൂറിന് പകരം ഇനി ആറു മണിക്കൂറിനുള്ളിലെ റാപ്പിഡ് പിസിആർ പരിശോധനാഫലം ഹാജരാക്കിയാൽ മതി. യാത്രക്ക് നാല് മണിക്കൂറിനുള്ളിൽ റാപിഡ് പരിശോധന നടത്തുന്നതിന് വിമാനത്താവളങ്ങളിൽ വൻതിരക്ക് അനുഭവപ്പെട്ടിരുന്നു. കോഴിക്കോട് വിമാനത്താവളത്തിൽ മൂന്ന് കൗണ്ടർ മാത്രമാണ് ഏർപെടുത്തിയിരുന്നത്. നാട്ടിൽനിന്ന് മടങ്ങുന്നവർക്ക് ഇത് ഏറെ ആശ്വാസകരമാകും.
അതിനിടെ, യുഎഇയിലേക്ക് നേരിട്ട് മടങ്ങാൻ നിയന്ത്രണമുള്ളവർ ഇടത്താവളമായി ഉപയോഗിച്ചിരുന്ന അർമേനിയ, മാലിദ്വീപ് ഉൾപ്പെടെ ആറ് രാജ്യങ്ങളെ അബൂദബി റെഡ് ലിസ്റ്റിൽ ഉൾപ്പെടുത്തി. ഇനി ഇവിടെനിന്ന് വരുന്നവർക്ക് ഏഴ് ദിവസത്തെ ക്വാറന്റയിൻ ബാധകമായിരിക്കും. വാക്സിൻ എടുക്കാത്തവരാണെങ്കിൽ പത്ത് ദിവസവും ക്വാറന്റയിനുണ്ടാകും. ഈ രാജ്യങ്ങളിൽ 14 ദിവസം ക്വാറന്റയിനിരുന്നാണ് മലയാളികൾ അടക്കം മടങ്ങിവന്നിരുന്നത്. ഇനിയെത്തുന്നവർ അബൂദബിയിൽ കൂടി ക്വാറന്റയിനിൽ കഴിയേണ്ടി വരും. ഗ്രീൻ ലിസ്റ്റിലെ രാജ്യങ്ങളിൽനിന്ന് വരുന്നവർക്ക് ക്വാറന്റയിനില്ല. യുഎസ്, ഇസ്രായേൽ, ഇറ്റലി, ഓസ്ട്രിയ എന്നീ രാജ്യങ്ങളും റെഡ് ലിസ്റ്റിലായിട്ടുണ്ട്.