ലോകകപ്പ് ഹോക്കി; തകര്‍പ്പന്‍ ജയത്തോടെ ഇന്ത്യ തുടങ്ങി

എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്കാണ് ദക്ഷിണാഫ്രിക്കയെ ഇന്ത്യ തോല്‍പിച്ചത്.

Update: 2018-11-28 15:23 GMT
Advertising

തകര്‍പ്പന്‍ ജയത്തോടെ പതിനാലാമത് ഹോക്കി ലോകകപ്പില്‍ ഇന്ത്യ തുടങ്ങി. പൂള്‍ സിയിലെ ആദ്യ മത്സരത്തില്‍ എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്കാണ് ദക്ഷിണാഫ്രിക്കയെ ഇന്ത്യ തോല്‍പിച്ചത്. 10ാം മിനുറ്റില്‍ മന്ദീപ് സിങിലൂടെയാണ് ഇന്ത്യ ഗോളടി തുടങ്ങിയത്. മൂന്നു മിനിറ്റിനിടെ ഇരട്ടഗോൾ സ്വന്തമാക്കിയ സിമ്രൻജീത് സിങ്ങാണ് ഇന്ത്യയ്ക്ക് തകർപ്പൻ വിജയം സമ്മാനിച്ചത്. 43,46 മിനുറ്റുകളിലായിരുന്നു സിമ്രൻജീത് സിങിന്റെ ഗോളുകള്‍. അക്ഷദീപ് സിങ്(12)ലളിത് ഉപാദ്ധ്യായ(45) എന്നിവരാണ് മറ്റു സ്കോറര്‍മാര്‍. ആദ്യ മിനിറ്റുമുതല്‍ ആക്രമിച്ചു കളിച്ച ഇന്ത്യ അര്‍ഹിച്ച ജയമാണ് സ്വന്തമാക്കിയത്.

പന്തടക്കത്തിലും മുന്നേറ്റത്തിലും അങ്ങേയറ്റത്തെ മികവു പുലര്‍ത്തിയ ഇന്ത്യന്‍ ടീമിന് മുന്നില്‍ ദക്ഷിണാഫ്രിക്ക നിഷ്പ്രഭമായി. അതേസമയം ദക്ഷിണാഫ്രിക്കന്‍ ആക്രമണങ്ങള്‍ ഇന്ത്യന്‍ പ്രതിരോധത്തില്‍തട്ടി തകര്‍ന്നു. കാര്യമായ മുന്നേറ്റമുണ്ടാക്കാന്‍ ഇതോടെ സന്ദര്‍ശകര്‍ക്ക് കഴിഞ്ഞതുമില്ല. ആദ്യ മത്സരത്തില്‍ യൂറോപ്യന്‍ കരുത്തരായ ബെല്‍ജിയം കാനഡയെ 2-1 എന്ന സ്‌കോറിന് തോല്‍പ്പിച്ചിരുന്നു. ഇനി ഞായറാഴ്ച കരുത്തരായ ബൽജിയത്തിനെതിരെയാണ് ഇന്ത്യയുടെ അടുത്ത മൽസരം.

Tags:    

Similar News